'ഇന്ത്യയും പാകിസ്ഥാനും തമ്മിലെ ചർച്ച ട്രംപ് അറേഞ്ച് ചെയ്യണം'; ആവശ്യവുമായി പാക് പ്രധാനമന്ത്രി, ട്രംപിന് പുകഴ്ത്തൽ

By: 600007 On: Jun 6, 2025, 5:25 AM

 

ഇസ്ലാമാബാദ്: ഇന്ത്യയും പാകിസ്ഥാനും തമ്മിൽ സംഭാഷണം നടത്താൻ അമേരിക്ക മധ്യസ്ഥത വഹിക്കണമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ബുധനാഴ്ച ഇസ്ലാമാബാദിലെ യുഎസ് എംബസിയിൽ നടന്ന പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം മുന്നോട്ടുവെച്ചത്. 26 പേരുടെ മരണത്തിന് കാരണമായ ഏപ്രിൽ 22 ലെ പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് കഴിഞ്ഞ മാസം നാല് ദിവസത്തെ സൈനിക നടപടികൾ അവസാനിപ്പിക്കുന്നതിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പങ്കിനെ ഷെരീഫ് പ്രശംസിച്ചു. 

അതേസമയം, പ്രശ്നം അവസാനിപ്പിക്കുന്നതിൽ അമേരിക്കയുടെ പങ്കിനെക്കുറിച്ചുള്ള എല്ലാ അവകാശവാദങ്ങളും ഇന്ത്യ തള്ളിയിരുന്നു. തീവ്രവാദത്തിനും യുദ്ധത്തിനും എതിരായ നേതാവാണ് ഡോണൾഡ് ട്രംപെന്ന് ഷെരീഫ് പ്രശംസിച്ചു. യുഎസിലെത്തിയ പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി ചെയർമാൻ ബിലാവൽ ഭൂട്ടോ സർദാരിയും ട്രംപിനെ പുകഴ്ത്തിയിരുന്നു. വെടിനിർത്തലിന് ട്രംപിന്റെ നയതന്ത്രത്തെ ബിലാവൽ പ്രശംസിക്കുകയും യുഎസ് മധ്യസ്ഥത വിശാലമായ ചർച്ചകൾക്ക് വഴിയൊരുക്കുമെന്ന് നിർദ്ദേശിക്കുകയും ചെയ്തു. 

വെടിനിർത്തൽ തുടരാൻ അമേരിക്കക്ക് സഹായിക്കാൻ കഴിയുമെങ്കിൽ, സമഗ്രമായ സംഭാഷണം ക്രമീകരിച്ചാൽ ഇരു രാജ്യങ്ങൾക്കും ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഇന്ത്യ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. അതിർത്തി കടന്നുള്ള ഭീകരതയിൽ പാകിസ്ഥാന്റെ പങ്കിൽ നിന്ന് ശ്രദ്ധ തിരിക്കാനും നയതന്ത്ര സ്വാധീനം വീണ്ടെടുക്കാനുമുള്ള ശ്രമമായാണ് ഇന്ത്യ കാണുന്നതെന്ന് വിദഗ്ധർ വിലയിരുത്തുന്നത്