രാജ്യത്തെ ഭക്ഷ്യവിതരണം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളുമായി അമേരിക്കൻ ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥർ. ഇതിൻ്റെ ഭാഗമായി ഒരു വയസ്സിന് താഴെയുള്ള കുട്ടികൾക്കായുള്ള ഭക്ഷ്യോല്പ്പന്നങ്ങളും വിലയിരുത്തലിന് വിധേയമാക്കും.
ദശലക്ഷക്കണക്കിന് കുടുംബങ്ങൾ ഉപയോഗിക്കുന്ന ശിശുക്കൾക്കായുള്ള ഫോർമുല ഫുഡുകളിലെ പോഷകങ്ങളും ചേരുവകളും അവലോകനം ചെയ്യാൻ യുഎസ് ആരോഗ്യ സെക്രട്ടറി റോബർട്ട് എഫ്. കെന്നഡി ജൂനിയർ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനോട് (എഫ്ഡിഎ)ആവശ്യപ്പെട്ടു. "ഓപ്പറേഷൻ സ്റ്റോർക്ക് സ്പീഡ്" എന്നാണ് ഈ പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. 25 വർഷത്തിന് ശേഷം ഇതാദ്യമായാണ് ഇത്തരം ഭക്ഷ്യോല്പ്പന്നങ്ങളുടെ ചേരുവകൾ സമഗ്രമായ അവലോകനത്തിന് വിധേയമാക്കുന്നത്. ഇത്തരം ഭക്ഷ്യോല്പ്പന്നങ്ങൾ സുരക്ഷിതവും ആരോഗ്യകരവുമാണെന്ന് ഉറപ്പാക്കാൻ എഫ്ഡിഎ സമഗ്ര പരിശോധന നടത്തുമെന്ന് കെന്നഡി പ്രസ്താവിച്ചു.
അമേരിക്കയിലെ ശിശുക്കളിൽ മുക്കാൽ ഭാഗവും ജീവിതത്തിൻ്റെ ആദ്യ ആറ് മാസങ്ങളിൽ ഫോർമുല ഫുഡുകളാണ് കഴിക്കുന്നത്. ഏകദേശം 40 ശതമാനത്തോളം ശിശുക്കളെ സംബന്ധിച്ച് പോഷകാഹാരത്തിൻ്റെ ഏക ഉറവിടവും ഫോർമുല ഫുഡുകളാണ്.