ബാഹുബലി ഒന്നോ രണ്ടോ അല്ല, വരുന്നത് പുതിയ ചിത്രം! വിസ്‍മയമാവാന്‍ ആ കാഴ്ച വരുന്നു

By: 600007 On: Jun 5, 2025, 1:42 PM

 

 

തെലുങ്ക് സിനിമയെ ബാഹുബലിക്ക് മുന്‍പും ശേഷവും എന്ന് വിലയിരുത്തുന്നതില്‍ തെറ്റില്ല. ടോളിവുഡിനെ ഇന്ത്യ മുഴുവനുമുള്ള ബഹുഭാഷാ പ്രേക്ഷകരിലേക്ക് എത്തിച്ച ഫ്രാഞ്ചൈസിയാണ് അത്. തെലുങ്ക് സിനിമയ്ക്കും മൊത്തത്തില്‍ തെന്നിന്ത്യന്‍ സിനിമയ്ക്കും എന്തൊക്കെ സാധിക്കുമെന്ന് തെളിയിച്ചുകൊടുത്ത ചിത്രം. ഇപ്പോഴിതാ ഇന്ത്യന്‍ സിനിമയിലെ റീ റിലീസ് ട്രെന്‍ഡിന്‍റെ ഭാഗമായി ബാഹുബലിയും വീണ്ടും തിയറ്ററുകളിലേക്ക് എത്താന്‍ ഒരുങ്ങുകയാണ്. ചിത്രം വീണ്ടും തിയറ്ററുകളില്‍ എത്തുന്നുവെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്നാല്‍ അതൊരു സാധാരണ റീ റിലീസ് ആയിരിക്കില്ലെന്നാണ് പുതിയ റിപ്പോര്‍ട്ട്. ബാഹുബലി പലയാവര്‍ത്തി കണ്ടവരെപ്പോലും വീണ്ടും തിയറ്ററുകളിലേക്ക് എത്തിക്കാന്‍ ഉതകുന്ന ഒരു സ്ട്രാറ്റജിയാണ് അണിയറക്കാര്‍ നടപ്പാക്കാന്‍ ഒരുങ്ങുന്നത്. ഇന്ത്യന്‍ സിനിമയില്‍ പുതുമയുമാണ് അത്.

രണ്ട് ഭാഗങ്ങള്‍ പ്രത്യേകം പ്രത്യേകമല്ല, മറിച്ച് റീ എഡിറ്റ് ചെയ്ത് ഒറ്റ ചിത്രമായാവും ബാഹുബലി തിയറ്ററുകളില്‍ എത്തുകയെന്ന് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട് ചിത്രങ്ങളിലെയും പ്രധാന രംഗങ്ങളൊക്കെ ഉള്‍പ്പെടുത്തി ഉള്ളതായിരിക്കും റീ റിലീസിന് എത്തുന്ന ഒറ്റ ചിത്രം. ഇന്ത്യന്‍ സിനിമയിലെ മറ്റ് ജനപ്രിയ ഫ്രാഞ്ചൈസികള്‍ക്കും ഒരു പുതിയ റീ റിലീസ് മാതൃക സൃഷ്ടിക്കുകയാണ് ഇതിലൂടെ ബാഹുബലി നിര്‍മ്മാതാക്കള്‍. ഭാവിയില്‍ കൂടുതല്‍ ചിത്രങ്ങള്‍ ഇത്തരത്തില്‍ റീ റിലീസ് ചെയ്യപ്പെട്ടേക്കാം.

2015 ജൂലൈ 10 നാണ് ബാഹുബലി ദി ബിഗിനിംഗ് തിയറ്ററുകളില്‍ എത്തിയത്. അതുവരെ തെലുങ്ക് ചിത്രങ്ങള്‍ തിയറ്ററുകളില്‍ എത്തി കണ്ടിട്ടില്ലാത്ത മറുഭാഷാ പ്രേക്ഷകരെയും ചിത്രം തിയറ്ററുകളില്‍ എത്തിച്ചു. എസ് എസ് രാജമൗലിയും പ്രഭാസും റാണ ദഗുബാട്ടിയും അടക്കമുള്ളവര്‍ ഇന്ത്യ ഒട്ടുക്കുമുള്ള സിനിമാപ്രേമികളുടെ പ്രിയം നേടി. എന്തിന്, പാന്‍- ഇന്ത്യന്‍ എന്ന പ്രയോഗം പോലും സാധാരണമായത് ബാഹുബലിക്ക് പിന്നാലെയാണ്. ഈ ചിത്രത്തോടെ രാജമൗലി ഇന്ത്യയിലെ ടോപ്പ് ഡയറക്ടര്‍മാരില്‍ മുന്‍നിരക്കാരനായി മാറി. പ്രഭാസ് ഇന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നടന്മാരില്‍ ഒരാളും.