ന്യൂയോർക്ക്: അമേരിക്കയിലേക്ക് 12 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തി തീരുമാനത്തിൽ ഇളവ് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കായിക താരങ്ങൾക്കും അമേരിക്കയെ സഹായിച്ചവർക്കുമാണ് ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത്. പ്രശസ്ത കായികതാരങ്ങളെ പ്രവേശന വിലക്കിൽ നിന്ന് ഒഴിവാക്കുമെന്നാണ് വ്യക്തമാകുന്നത്. അടുത്ത വർഷം അമേരിക്കയിൽ നടക്കുന്ന ഫിഫ ലോകകപ്പിൽ ഇറാൻ ടീമിനും, വിലക്കിയ 12 രാജ്യങ്ങളിൽ നിന്നുള്ള കളിക്കാർക്കും പങ്കെടുക്കാം. 2028 ലോസ് ആഞ്ജലസ് ഒളിംപിക്സിനും വിലക്ക് ബാധകമാകില്ല. അമേരിക്കയെ സഹായിച്ച അഫ്ഗാൻ പൗരന്മാർ, ഇറാനിലെ മത ന്യൂനപക്ഷം, അഭയാർത്ഥികൾ, ഇരട്ട പൗരത്വം, ഗ്രീൻ കാർഡ് ഉള്ളവർക്കും ഇളവുണ്ടായിരിക്കും.
നേരത്തെ അഫ്ഗാനിസ്ഥാൻ, മ്യാൻമർ, ചാഡ്, കോംങ്കോ, എക്വിറ്റോറിയൽ ഗിനി, ഹെയ്തി, എറിട്രിയ, ഇറാൻ, ലിബിയ, സൊമാലിയ, സുഡാൻ, യെമൻ എന്നീ രാജ്യങ്ങളിൽ നിന്നുളളവർക്കാണ് അമേരിക്കയിലേക്ക് യാത്ര നിരോധനം ട്രംപ് പ്രഖ്യാപിച്ചത്. തിങ്കളാഴ്ച മുതൽ വിലക്ക് പ്രാബല്യത്തിൽ വരും. ക്യൂബ അടക്കം ഏഴ് രാജ്യങ്ങളിൽ നിന്നുള്ള പൗരൻമാർക്ക് ഭാഗിക വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. അമേരിക്കയുടെ ദേശീയ സുരക്ഷക്ക് അനിവാര്യമാണ് ഈ നടപടിയെന്നാണ് ട്രംപിന്റെ വിശദീകരണം. 2017 ൽ ട്രംപ് പ്രസിഡന്റായിരുന്ന സമയത്തും സമാനമായ രീതിയിൽ രാജ്യങ്ങൾക്ക് പ്രവേശന വിലക്കേർപ്പെടുത്തിയിരുന്നു. ഈ വിലക്കിലാണ് ഇപ്പോൾ കായിക താരങ്ങൾക്കും അമേരിക്കയെ സഹായിച്ചവർക്കും ഇളവ് പ്രഖ്യാപിച്ചുകൊണ്ടുള്ള അറിയിപ്പ് വന്നത്.