വടക്കുകിഴക്കന്‍ കാല്‍ഗറിയിലെ പാര്‍ക്കിംഗ് സ്ഥലത്ത് തലയില്ലാത്ത മാനിന്റെ ജഡം ഉപേക്ഷിച്ച സ്ത്രീക്ക് 3,000 ഡോളര്‍ പിഴ ചുമത്തി. 2024 ഡിസംബര്‍ 16 നാണ് സംഭവം. കാല്‍ഗറി 68 സ്ട്രീറ്റ് എന്‍ഇയ്ക്ക് സമീപം മോണ്ടെറി സ്‌ക്വയര്‍ പ്ലാസയ്ക്കടുത്തുള്ള കോ-ഓപ്പറേറ്റീവ് ഗ്രോസറി സ്‌റ്റോറിന് പിന്നിലെ മാലിന്യക്കൂമ്പാരത്തിനടുത്താണ് തല ഛേദിക്കപ്പെട്ട നിലയിലുള്ള മാനിന്റെ ജഡം ഉപേക്ഷിച്ചതായി കണ്ടെത്തിയത്. സ്ത്രീയും ഒരു പുരുഷനും ചേര്‍ന്നാണ് മാനിന്റെ ജഡം ഇവിടെ തള്ളിയതെന്ന് ആല്‍ബെര്‍ട്ട ഫിഷ് ആന്‍ഡ് വൈല്‍ഡ്‌ലൈഫ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രതികള്‍ക്കായുള്ള തിരച്ചിലിനൊടുവില്‍ ഇരുവരെയും കണ്ടെത്തി. ഇവര്‍ക്കെതിരെ വന്യജീവികളെ നിയമവിരുദ്ധമായി കൈവശം വെക്കല്‍, വന്യജീവികളെ മാലിന്യമായി തള്ളല്‍, ഉദ്യോഗസ്ഥര്‍ക്ക് തെറ്റായ വിവരങ്ങള്‍ നല്‍കല്‍, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടിരിക്കുമ്പോള്‍ വാഹനമോടിക്കല്‍, പ്രൈവറ്റ് പ്രോപ്പര്‍ട്ടിയില്‍ മാലിന്യം തെറ്റായി സംസ്‌കരിക്കല്‍ എന്നിവയുള്‍പ്പെടെ നിരവധി കുറ്റങ്ങള്‍ ചുമത്തിയതായി പോലീസ് പറഞ്ഞു. പുരുഷനെ ഓഗസ്റ്റ് 6 ന് കോടതിയില്‍ ഹാജരാക്കും.