കാനഡയില്‍ വ്യാപകമായി പടരുന്ന കാട്ടുതീയില്‍ നിന്നുള്ള കനത്തപുക അമേരിക്കയിലെ ചില ഭാഗങ്ങളെ മൂടി. ഇവിടങ്ങളില്‍ വായുഗുണനിലവാരം മോശമായതായി അധികൃതര്‍ പറഞ്ഞു. വെസ്റ്റേണ്‍ കാനഡയില്‍ കാട്ടുതീ നിയന്ത്രണാതീതമായി പടരുകയാണ്. കെട്ടിടങ്ങളും വീടുകളും കത്തിനശിച്ചത് ഉള്‍പ്പെടെ നിരവധി നാശനഷ്ടങ്ങളാണ് കാട്ടുതീ മൂലം ഉണ്ടായിരിക്കുന്നത്. പതിനായിരക്കണക്കിന് ആളുകളെ വീടുകളില്‍ നിന്നും ഒഴിപ്പിച്ചിട്ടുണ്ട്. സസ്‌ക്കാച്ചെവനിലും മാനിറ്റോബയിലും പടരുന്ന കാട്ടുതീയില്‍ നിന്നുള്ള പുക കിഴക്ക് ന്യൂഫൗണ്ട്‌ലാന്‍ഡ് ആന്‍ഡ് ലാബ്രഡോര്‍ വരെയും തെക്ക് ടെക്‌സസ് വരെയും വ്യാപിച്ചു. മിനസോട്ട, വിസ്‌കോണ്‍സെന്‍, മിഷിഗണ്‍ എന്നിവടങ്ങളിലെ ചില ഭാഗങ്ങളില്‍ ചൊവ്വാഴ്ച വായുഗുണനിലവാരം വളരെ അനാരോഗ്യകരമായ അവസ്ഥയിലേക്ക് താഴ്ന്നു.
കാട്ടുതീ കാരണം കാനഡയിലെ മൂന്ന് പ്രവിശ്യകളില്‍ നിന്നായി ഇരുപതിനായിരത്തിലധികം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. പുക യൂറോപ്പ് വരെ വ്യാപിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. മാനിറ്റോബയിലെയും സസ്‌ക്കാച്ചെവനിലെയും ചില ഭാഗങ്ങളില്‍ വായുവിന്റെ ഗുണനിലവാരം മോശമാണെന്ന് എണ്‍വയോണ്‍മെന്റ് കാനഡ പുറപ്പെടുവിച്ച അറിയിപ്പില്‍ പറയുന്നു.
കാലാവസ്ഥയില്‍ ഏറ്റക്കുറച്ചിലുകളുണ്ടാകുമെന്ന് ഏജന്‍സി അറിയിച്ചു. കനത്ത പുക പടരുന്ന സാഹചര്യത്തില്‍ 65 വയസ്സിന് മുകളിലുള്ളവരും കുട്ടികളും ഗര്‍ഭിണികളും ജാഗ്രത പാലിക്കണമെന്ന് ഏജന്‍സി മുന്നറിയിപ്പ് നല്‍കി. കനേഡിയന്‍ അതിര്‍ത്തിയുടെ തെക്ക് മിഷിഗണിലും ഇന്ത്യാനയിലും വായുഗുണനിലവാര മുന്നറിയിപ്പുകള്‍ നല്‍കി.