യുഎസ് താരിഫുകള്‍ ടൂറിസം മേഖലയെ സാരമായി ബാധിക്കുന്നുണ്ടെങ്കിലും ഈ വേനല്‍ക്കാലത്ത് വിമാനത്തവളം വഴി യാത്ര ചെയ്യുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുമെന്ന് കാല്‍ഗറി എയര്‍പോര്‍ട്ട് അധികൃതര്‍. ജി7 ഉച്ചകോടി, റോട്ടറി ക്ലബിന്റെ അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ എന്നിവയുള്‍പ്പെടെ നിരവധി പ്രധാന പരിപാടികള്‍ ഈ മാസം നടക്കുന്നതിനാല്‍ ഈ വര്‍ഷം കൂടുതല്‍ തിരക്കേറിയ സീസണ്‍ ആയിരിക്കുമെന്നും കൂടുതല്‍ സുരക്ഷ വിമാനത്താവളത്തില്‍ സജ്ജീകരിക്കുന്നുണ്ടെന്നും കാല്‍ഗറി എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു.
ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ ഏകദേശം 5.8 മില്യണ്‍ യാത്രക്കാര്‍ കാല്‍ഗറി വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു ദിവസം 67,000 യാത്രക്കാര്‍ ഉണ്ടാകുമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി പ്രവചിക്കുന്നു. കഴിഞ്ഞ വര്‍ഷം ഇത് ഏകദേശം 64,000 ആയിരുന്നു.
കനനാസ്‌കിസില്‍ നടക്കാനിരിക്കുന്ന ജി7 ഉച്ചകോടിയുടെ ഭാഗമായി വിമാനത്താവളത്തിലും സുരക്ഷ വര്‍ധിപ്പിക്കുകയാണ്. വിമാനത്താവളത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ കൂടുതലായി വിന്യസിക്കുമെന്ന് എയര്‍പോര്‍ട്ട് സിഒഒ ക്രിസ് മൈല്‍സ് പറഞ്ഞു. വിമാനത്താവളത്തില്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ഡ്രോപ്പ്-ഓഫ്-ഏരിയയില്‍ അശ്രദ്ധമായി ഓടിക്കുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഇത് വിമാനത്താവളത്തില്‍ ഇതിനകമുള്ള നിയമമാണ്. എന്നാല്‍ ജി7 ഉച്ചകോടിക്ക് മുമ്പും ശേഷവും സീറോ ടോളറന്‍സ് നയമായിരിക്കും സ്വീകരിക്കുക എന്ന് എയര്‍പോര്‍ട്ട് അതോറിറ്റി വ്യക്തമാക്കി.