ആല്‍ബെര്‍ട്ടയിലെ ആശുപത്രികളില്‍ എമര്‍ജന്‍സി റൂം സന്ദര്‍ശിക്കുന്നവര്‍ക്ക് നീണ്ട കാത്തിരിപ്പ് സമയം നേരത്തെ മുതല്‍ അനുഭവപ്പെടുന്നുണ്ട്. എന്നാല്‍ ഈ സന്ദര്‍ശന ദൈര്‍ഘ്യം വീണ്ടും വര്‍ധിച്ചിരിക്കുകയാണെന്ന് പുതിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മോണ്‍ട്രിയല്‍ ഇക്കണോമിക് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ(MEI) റിപ്പോര്‍ട്ട് പ്രകാരം, 2024 ല്‍ ആല്‍ബെര്‍ട്ടയിലെ എമര്‍ജന്‍സി റൂമിലെ കാത്തിരിപ്പ് സമയത്തിന്റെ ശരാശരി ദൈര്‍ഘ്യം മൂന്ന് മണിക്കൂറും 58 മിനിറ്റുമായിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇത് 54 മിനിറ്റ് കൂടുതലായി.
കഴിഞ്ഞ വര്‍ഷം പ്രവിശ്യയിലെ അത്യാഹിത വിഭാഗത്തില്‍ ഒരു ഡോക്ടറെ കാണാന്‍ ശരാശരി ഒന്നര മണിക്കൂര്‍ വേണ്ടിവരുന്നുവെന്ന് റിപ്പോര്‍ട്ട് കണ്ടെത്തി. കാത്തിരിപ്പ് സമയം കൂടുതലാണെങ്കിലും ഏറ്റവും കുറഞ്ഞ സന്ദര്‍ശന ദൈര്‍ഘ്യമുള്ള മൂന്ന് പ്രവിശ്യകളിലൊന്ന് ആല്‍ബെര്‍ട്ടയാണ്.
അതേസമയം, മറ്റ് പ്രവിശ്യകളെ അപേക്ഷിച്ച് ആല്‍ബെര്‍ട്ടയില്‍ കാത്തിരിപ്പ് സമയം കുറവാണെങ്കിലും നിലവിലെ ആശുപത്രികളിലെ അവസ്ഥയില്‍ രോഗികള്‍ തൃപ്തരല്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.