ഏഷ്യയിലുടനീളമുള്ള തട്ടിപ്പ് ശൃംഖലകൾക്കെതിരെ സംയുക്ത നടപടിയുമായി വിവിധ രാജ്യങ്ങൾ

By: 600110 On: Jun 4, 2025, 4:11 PM

 

തട്ടിപ്പ് ശൃംഖലകളെ ലക്ഷ്യമിട്ട് ഏഷ്യയിലുടനീളം നടത്തിയ സംയുക്ത ഓപ്പറേഷനിൽ 1,800-ലധികം പേരെ അറസ്റ്റ് ചെയ്തതായി ഹോങ്കോങ് പോലീസ്. വിവിധ വകുപ്പുകൾ ചേർന്ന് നടത്തിയ  പരിശോധനയിൽ ഏകദേശം 20 മില്യൺ ഡോളറിൻ്റെ അനധികൃത പണമിടപാടുകൾ തടഞ്ഞുവെന്ന്  പോലീസിലെ വാണിജ്യ കുറ്റകൃത്യ ബ്യൂറോയുടെ ചീഫ് സൂപ്രണ്ട് വോങ് ചുൻ-യു പറഞ്ഞു.

ദക്ഷിണ കൊറിയ, തായ്‌ലൻഡ്, സിംഗപ്പൂർ, ചൈനീസ് ചൂതാട്ട കേന്ദ്രമായ മക്കാവോ എന്നിവ സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് തട്ടിപ്പ് ശൃംഖലകൾ അടച്ചുപൂട്ടാൻ കഴിഞ്ഞതെന്നു അദ്ദേഹം പറഞ്ഞു. മലേഷ്യ, മാലിദ്വീപ് എന്നിവിടങ്ങളിലെ അധികാരികളും ഉൾപ്പെട്ട ഈ ഓപ്പറേഷൻ ഓൺലൈൻ ഷോപ്പിംഗ്, ടെലിഫോൺ തട്ടിപ്പുകൾ, നിക്ഷേപ, തൊഴിൽ തട്ടിപ്പുകൾ എന്നിവ ലക്ഷ്യമിട്ടുള്ളതായിരുന്നു.  മെയ് 28 വരെയുള്ള കാലയളവിൽ  ഏകദേശം 33,000 അക്കൗണ്ടുകൾ മരവിപ്പിച്ചതായി വോങ് പറഞ്ഞു. അറസ്റ്റിലായവർ 14 നും 81 നും ഇടയിൽ പ്രായമുള്ളവരാണ്. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലെ സംഘടിത കുറ്റകൃത്യ ഗ്രൂപ്പുകൾ ലോകമെമ്പാടും തട്ടിപ്പ് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതായി ഐക്യരാഷ്ട്രസഭയുടെ ഒരു റിപ്പോർട്ട് അടുത്തിടെ വ്യക്തമാക്കിയിരുന്നു. കംബോഡിയ, ലാവോസ്, മ്യാൻമർ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിലാണ് തട്ടിപ്പ് സംഘങ്ങൾ കൂടുതൽ സജീവമായിട്ടുള്ളത്. പലപ്പോഴും ഇവർ പൊലീസിനെ കബളിപ്പിക്കാൻ പ്രവർത്തനങ്ങൾ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നുണ്ടെന്നും യുഎൻ റിപ്പോർട്ടിലുണ്ട്.