ഉയർന്ന കുടിയേറ്റ നിരക്ക് കാനഡയുടെ സാമ്പത്തിക  പ്രശ്നങ്ങൾ രൂക്ഷമാക്കുന്നുവെന്ന് റിപ്പോർട്ട്

By: 600110 On: Jun 4, 2025, 3:37 PM

 

ഉയർന്ന കുടിയേറ്റ നിരക്ക് കാനഡയുടെ സാമ്പത്തിക  പ്രശ്നങ്ങൾ രൂക്ഷമാക്കുന്നുവെന്ന് റിപ്പോർട്ട്. 38 വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ-ഓപ്പറേഷൻ ആൻഡ് ഡെവലപ്‌മെൻ്റിൻ്റെ (ഒഇസിഡി പുതിയ റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച് പരാമർശമുള്ളത്. ഉല്പാദനക്ഷമതയിലും സാധാരണക്കാർക്ക് താങ്ങാനാവുന്ന വിലയിൽ വീടുകൾ ലഭ്യമാക്കുന്നതിലും കാനഡ ഏറെ പിന്നിലാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. 

സമീപ വർഷങ്ങളിൽ കുടിയേറ്റത്തിലുണ്ടായ വർദ്ധനയാണ് പ്രശ്നങ്ങൾ രൂക്ഷമാക്കിയതെന്ന് റിപ്പോർട്ടിലുണ്ട്. തൊഴിലാളികളുടെ ഉല്പാദനക്ഷമതയിലും സാധാരണക്കാർക്ക് താങ്ങാനാവുന്ന വിലയിൽ വീടുകൾ ലഭ്യമാക്കുന്നതിലും വികസിത രാജ്യങ്ങൾക്കിടയിൽ കാനഡ ഏറ്റവും പിന്നിലാണെന്ന് റിപ്പോർട്ട് പറയുന്നു. ഉയർന്ന കുടിയേറ്റമാണ് ഈ രണ്ട് പ്രശ്നങ്ങൾക്കും കാരണമെന്നും റിപ്പോർട്ടിലുണ്ട്. പെട്ടെന്നുള്ള ജനസംഖ്യാവർദ്ധന വീടുകളുടെ ലഭ്യതയിൽ വെല്ലുവിളികളുണ്ടാക്കി. ഇത് മറികടക്കാൻ കൂടുന്ന കുടിയേറ്റ നിരക്കനുസരിച്ച് വീടുകളുടെ ലഭ്യതയിലും വർദ്ധനവ് വരുത്തണമെന്ന് റിപ്പോർട്ടിൽ നിർദ്ദേശമുണ്ട്. ഉല്പാദനക്ഷമതയിൽ ശ്രദ്ധിക്കാതെ തൊഴിലാളികളുടെ എണ്ണത്തിൽ വർദ്ധന വരുത്തിയിട്ട് കാര്യമില്ലെന്നും റിപ്പോർട്ടിലുണ്ട്. മുൻകാലങ്ങളിൽ ഡോക്ടർമാർ,എഞ്ചിനീയർമാർ തുടങ്ങി ഉയർന്ന വൈദഗ്ധ്യമുള്ളവർക്കാണ് കാനഡയിലേക്കുള്ള കുടിയേറ്റത്തിൽ മുൻഗണന ലഭിച്ചിരുന്നത്. എന്നാൽ ഇപ്പോൾ വൈദഗ്ധ്യം കുറഞ്ഞ തൊഴിലാളികളാണ് കൂടുതലും കുടിയേറ്റത്തിലൂടെ രാജ്യത്ത് എത്തുന്നതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.