അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന സ്റ്റീൽ, അലുമിനിയം എന്നിവയുടെ താരിഫ് ഇരട്ടിയാക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവിൽ ഒപ്പിട്ട് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. 25% ആയിരുന്ന താരിഫ് 50% ആക്കിയാണ് ഉയർത്തിയത്. ഉത്തരവിൽ ട്രംപ് ഒപ്പിട്ടതോടെ പുതുക്കിയ താരിഫ് നിലവിൽ വന്നു.
താരിഫുകൾ വർധിപ്പിക്കുന്നത് പ്രാദേശിക വ്യവസായങ്ങൾക്ക് കൂടുതൽ കരുത്ത് പകരും എന്ന് ട്രംപ് വ്യക്തമാക്കി. വിദേശ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന സ്റ്റീൽ, അലുമിനിയം എന്നിവയാണ് രാജ്യത്ത് കൂടുതലായി ഉപയോഗിക്കപ്പെടുന്നതെന്നും, രാജ്യത്തെ വ്യവസായങ്ങളെ ശക്തിപ്പെടുത്താനാണ് ഈ തീരുമാനമെന്നും ട്രംപ് വ്യക്തമാക്കി. മറ്റ് രാജ്യങ്ങൾക്ക് മേൽ ട്രംപ് ഏർപ്പെടുത്തിയ താരിഫ് നയത്തിൽ വ്യാപകവിമർശനം ഉയരുന്നതിനിടെയാണ് സ്റ്റീൽ, അലുമിനിയം എന്നിവയുടെ താരിഫുകൾ ട്രംപ് ഇരട്ടിയാക്കിയത്. നേരത്തെ വ്യാപാര സെക്രട്ടറി ഹൊവാർഡ് ലുട്നിക് രാജ്യത്തെ ലോഹ മേഖലയിലെ പ്രതിസന്ധികളെക്കുറിച്ച് ട്രംപിനെ ബോധ്യപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് താരിഫ് ഉയർത്താൻ ട്രംപ് തീരുമാനിച്ചത്. എന്നാൽ ബ്രിട്ടനിൽ നിന്നുള്ള ലോഹ ഇറക്കുമതിയുടെ താരിഫ് മാത്രം 25 ശതമാനമായി തുടരും. ഇരുരാജ്യങ്ങളും തമ്മിൽ വ്യാപാരനയം നിലനിൽക്കുന്നതിനാലാണ് ഇത്.