അമേരിക്കയുമായുള്ള ബന്ധം ശക്തമാക്കുന്നതിനായി പുതിയ ബിൽ അവതരിപ്പിച്ച് കനേഡിയൻ സർക്കാർ

By: 600110 On: Jun 4, 2025, 10:24 AM

 

അമേരിക്കയുമായുള്ള ബന്ധം ശക്തമാക്കുന്നതിനായി പുതിയ ബിൽ അവതരിപ്പിച്ച് കനേഡിയൻ സർക്കാർ. സംഘടിത കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിനും ഫെൻ്റനൈലിൻ്റെയും മറ്റ് മയക്കുമരുന്നുകളുടെയും കടത്ത് തടയാനും അനധികൃത കുടിയേറ്റങ്ങൾ ഒഴിവാക്കുന്നതിനും വേണ്ടിയാണ് പുതിയ നിയമനിർമ്മാണം എന്ന് പൊതുസുരക്ഷാ മന്ത്രി ഗാരി ആനന്ദസംഗരി ബിൽ അവതരിപ്പിച്ചു കൊണ്ട് വ്യക്തമാക്കി. 

പ്രധാനമന്ത്രി മാർക്ക് കാർണി ചൂണ്ടിക്കാണിച്ച നിരവധി അതിർത്തി സുരക്ഷാ മുൻഗണനകൾക്കൊപ്പം,  യുഎസ് നിയമനിർമ്മാതാക്കൾ, നയതന്ത്രജ്ഞർ, കനേഡിയൻ പോലീസ് ഉൾപ്പെടെയുള്ളവർ  ദീർഘകാലമായി ഉന്നയിക്കുന്ന ചില പരാതികൾ കൂടി പരിഹരിക്കുന്നതാണ് നിർദ്ദിഷ്ട ബിൽ. കഴിഞ്ഞ ഡിസംബറിൽ പ്രഖ്യാപിച്ച 1.3 ബില്യൺ ഡോളറിൻ്റെ അതിർത്തി സുരക്ഷാ പാക്കേജിനെ അടിസ്ഥാനമാക്കിയാണ് സ്ട്രോങ് ബോർഡേഴ്‌സ് ആക്ട് എന്ന് വിളിക്കപ്പെടുന്ന പുതിയ ബില്ലിന് രൂപം നല്കിയിരിക്കുന്നത്.  അമേരിക്കയുടെ ആശങ്കകൾ പരിഹരിക്കുകയെന്ന ലക്ഷ്യം മാത്രമല്ല പുതിയ ബില്ലിനുള്ളതെന്നും ഗാരി ആനന്ദസംഗരി പറഞ്ഞു. "നമ്മുടെ അതിർത്തികളും പൌരന്മാരും സുരക്ഷിതമെന്നുറപ്പാക്കുന്നതാണ് പുതിയ ബിൽ. ഒപ്പം വൈറ്റ് ഹൗസ് ഉന്നയിച്ച ചില ആശങ്കകൾക്ക് പരിഹാരം കാണുകയെന്നതും പുതിയ ബില്ലിലൂടെ ലക്ഷ്യമിടുന്നുണ്ട്", മന്ത്രി ഗാരി ആനന്ദസംഗരി പറഞ്ഞു. സംഘടിത കുറ്റകൃത്യങ്ങളെയും ഫെന്റനൈലിൻ്റെ വരവിനെയും തടയാനും , നിയമവിരുദ്ധ ധനസഹായം ഇല്ലാതാക്കാനും കാനഡയ്ക്ക് ശക്തമായ മാർഗ്ഗങ്ങൾ  ഉണ്ടെന്ന് ഈ പുതിയ നിയമനിർമ്മാണത്തിലൂടെ  മനസ്സിലാകുമെന്നും ഗാരി ആനന്ദസംഗരി ഓട്ടവയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.