ആഗോള സാമ്പത്തിക മന്ദ്യം ഏറ്റവും കൂടുതല്‍ ബാധിക്കപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയില്‍ കാനഡയും

By: 600002 On: Jun 4, 2025, 10:14 AM

 


ആഗോള സാമ്പത്തിക മാന്ദ്യം കാനഡയെ ഏറ്റവും കൂടുതല്‍ ബാധിച്ചേക്കാമെന്ന വെളിപ്പെടുത്തലുമായി പുതിയ റിപ്പോര്‍ട്ട്. കാനഡയുടെ ഭാവി ഇരുണ്ടതായിരിക്കുമെന്ന് റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നു. ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോ-ഓപ്പറേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ്(ഒഇസിഡി) പുറത്തിറക്കിയ 2025 ലെ സാമ്പത്തിക വീക്ഷണത്തിലാണ് ഇക്കാര്യം പറയുന്നത്. അമേരിക്കയുമായി വ്യാപാര യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന രാജ്യങ്ങള്‍ക്ക് നല്ല കാര്യമല്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

2024 ലെ 3.3 ശതമാനത്തില്‍ നിന്ന് 2025 ലും 2026 ലും ആഗോള വളര്‍ച്ച 2.9 ശതമാനമായി കുറയുമെന്ന് സാമ്പത്തിക വീക്ഷണത്തില്‍ പ്രവചിക്കുന്നു. അമേരിക്ക, കാനഡ, മെക്‌സിക്കോ, ചൈന എന്നിവടങ്ങളിലായിരിക്കും മാന്ദ്യം ഏറ്റവും കൂടുതല്‍ പ്രകടമാകുകയെന്ന് പ്രതീക്ഷിക്കുന്നു. 
വ്യാപാര തടസ്സങ്ങള്‍ വര്‍ധിക്കുന്നത്, കര്‍ശനമായ സാമ്പത്തിക സാഹചര്യങ്ങള്‍, ദുര്‍ബലമായ ബിസിനസ്, ഉപഭോക്തൃ ആത്മവിശ്വാസം, ഉയര്‍ന്ന നയ അനിശ്ചിതത്വം എന്നിവയെല്ലാം സാമ്പത്തിക വളര്‍ച്ചയ്ക്ക് അപകടസാധ്യതകള്‍ സൃഷ്ടിക്കുന്നു. 

കാനഡയുടെ സമ്പദ് വ്യവസ്ഥ 2024 ല്‍ 1.5 ശതമാനം വളര്‍ച്ച കൈവരിച്ചു. ഈ വര്‍ഷം അത് ഒരു ശതമാനമായി കുറയുമെന്നും 2026 ല്‍ 1.1 ശതമാനമായി നേരിയ തോതില്‍ വര്‍ധിക്കുമെന്നും പ്രതീക്ഷിക്കുന്നു.