കനേഡിയൻ പൊതുതെരഞ്ഞെടുപ്പിന് തൊട്ടുമുൻപായി, ലിബറലുകൾ 411 പദ്ധതികളിലായി 3.86 ബില്യൺ ഡോളർ ചെലവഴിച്ചതായി റിപ്പോർട്ട്. തെരഞ്ഞെടുപ്പ് ആരംഭിക്കുന്നതിന് തൊട്ടുമുൻപുള്ള ആഴ്ചയിലാണ്, ലിബറൽ എംപിമാർ വലിയ തുക ചെലവഴിച്ചത്. 38 ലിബറൽ എംപിമാർ ഫണ്ടിംഗിനെക്കുറിച്ച് പത്രക്കുറിപ്പുകളും പ്രഖ്യാപനങ്ങളും നടത്തുകയും ചെയ്തു.
യെല്ലോനൈഫ് മുതൽ വിന്നിപെഗ്, സെൻ്റ് ജോൺസ് വരെ രാജ്യത്തുടനീളമുള്ള 37 വ്യത്യസ്ത കമ്മ്യൂണിറ്റികളിൽ ചെക്കുകൾ കൈമാറി. തെരഞ്ഞെടുപ്പ് ആരംഭിക്കുന്നതിന് തൊട്ടുമുൻപുള്ള ദിവസം, രാജ്യത്തുടനീളമുള്ള 116 വ്യത്യസ്ത പദ്ധതികളെ പിന്തുണയ്ക്കുന്നതിനായി 1.8 ബില്യൺ ഡോളറിൻ്റെ ചെക്കുകൾ കൈമാറുന്ന തിരക്കിലായിരുന്നു 26 എംപിമാർ. കഴിഞ്ഞ നാല് തെരഞ്ഞെടുപ്പുകളിലെ പൊതുവായുള്ള രീതിയായി ഇത് മാറിയിട്ടുണ്ടെന്നും ഒരു മാധ്യമ റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. 2021ലെ തെരഞ്ഞെടുപ്പിന് മുൻപും ലിബറൽ എംപിമാർ 495 പദ്ധതികളിലായി 3.03 ബില്യൻ ഡോളർ ചെലവഴിച്ചിരുന്നു. 2015ലെ തെരഞ്ഞെടുപ്പ് കാലത്ത് കൺസർവേറ്റീവ് എംപിമാരും 430 പദ്ധതികളിലായി 2.7 ബില്യൻ ഡോളർ ചെലവഴിച്ചിരുന്നു. കഴിഞ്ഞ നാല് വർഷത്തിനിടെ ലിബറൽ എംപിമാർ ആകെ 22290 പദ്ധതികളിലായി 110 ബില്യനാണ് ചെലവഴിച്ചത്.