യുഎസ് താരിഫുകൾ കണക്കിലെടുത്ത് ആഭ്യന്തര വ്യാപാര തടസ്സങ്ങൾ കുറയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി കാനഡയിലെ പ്രീമിയർമാർ തമ്മിൽ വിവിധ വ്യാപാര കരാറുകളിൽ ഒപ്പു വെച്ചു. സസ്‌കാറ്റൂണിൽ നടന്ന യോഗത്തിലാണ് പ്രവിശ്യാ ഭരണാധികാരികൾ നിരവധി വ്യാപാര കരാറുകളിൽ ഒപ്പുവച്ചത്. പ്രിൻസ് എഡ്വേർഡ് ദ്വീപ്, സസ്‌കാച്ചെവൻ, ആൽബെർട്ട പ്രീമിയർമാരുമായാണ് ഒൻ്റാരിയോ പ്രീമിയർ ഡഗ് ഫോർഡ് കരാറുകളിലെത്തിയത്. വ്യാപാരത്തിലെ അന്തർപ്രവിശ്യാ തടസ്സങ്ങൾ ഒഴിവാക്കുന്നതിനായി ധാരണാപത്രങ്ങളിലും ഒപ്പുവച്ചു.
ഈ കരാറുകളിൽ ഒപ്പുവെക്കുന്നതിലൂടെയും ഒരുമിച്ച് പ്രവർത്തിക്കുന്നതിലൂടെയും, കാനഡയ്ക്ക് 200 ബില്യൺ ഡോളർ വരെ സാമ്പത്തിക നേട്ടമുണ്ടാകുമെന്ന് പ്രീമിയർമാർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. ഒൻ്റാരിയോയിൽ മാത്രമല്ല, രാജ്യത്തുടനീളമുള്ള കനേഡിയൻ തൊഴിലാളികളുടെ ഭാവി സംരക്ഷിക്കാൻ തോളോട് തോൾ ചേർന്ന് നിൽക്കുമെന്നും നേതാക്കൾ വ്യക്തമാക്കി. നോവ സ്കോഷ്യ, മാനിറ്റോബ , ന്യൂ ബ്രൺസ്‌വിക്ക് എന്നീ പ്രവിശ്യകൾ നേരത്തെ തന്നെ വിവിധ കരാറുകളിൽ ഒപ്പുവെച്ചിരുന്നു. ഈ പരമ്പരയിലെ ഏറ്റവും പുതിയതാണ് കഴിഞ്ഞ ദിവസം ഒപ്പിട്ട കരാറുകൾ. സുരക്ഷാ മാനദണ്ഡങ്ങൾ, മുതൽ മദ്യ വിൽപ്പന വരെയുള്ള വിവിധ വിഷയങ്ങളിൽ കാനഡയിലെ ഓരോ പ്രവിശ്യകൾക്കും വ്യത്യസ്തമായ നിയന്ത്രണങ്ങളും നിയമങ്ങളുമാണ് നിലവിലുള്ളത്. ട്രംപിൻ്റെ തീരുവകളുടെ പശ്ചാത്തലത്തിൽ ആഭ്യന്തര വ്യാപാരം ശക്തമാക്കാനാണ് വിവിധ പ്രവിശ്യകളുടെ നീക്കം. ഇതിൻ്റെ ഭാഗമായാണ് പുതിയ കരാറുകളിൽ ഒപ്പിടുന്നത്.