അതിവിശാലമായ ആഫ്രിക്കന്‍ ഭൂമിയിലെ സഫാരി പാര്‍ക്കുകൾ ഇന്ന് വിനോദ സഞ്ചാരികളുടെ പറുദീസയാണ്. കെനിയ. നമീബിയ, തന്‍സാനിയ തുടങ്ങിയ രാജ്യങ്ങളിലെ സംരക്ഷിത പ്രദേശങ്ങളിലെ സിംഹം അടക്കമുള്ള വന്യജീവികള്‍ക്കിടെയില്‍ ടെന്‍റ് അടിച്ച് താമസിച്ചുള്ള സാഹസികമായ വിനോദ സഞ്ചാരവും സഞ്ചാരികൾക്ക് ഏറെ പ്രീയമുള്ള ഒന്നാണ്. അത്തരം വിനോദ സഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്ന നമീബിയയിലെ ഹോനിബ് സ്കലറ്റൺ കോസ്റ്റ് ക്യാംപില്‍ വിനോദ സഞ്ചാരത്തിനെത്തിയ ജർമ്മന്‍ ബിസിനസുകാരന് ദാരുണാന്ത്യം. മെയ് 30 ന് തന്‍റെ താത്കാലിക ടെന്‍റില്‍ നിന്നും ബാത്ത്റൂമിലേക്ക് ഇറങ്ങിയ 59 -കാരനായ ബ്രെണ്ട് കൈബിനെ സിംഹം കൊലപ്പെടുത്തുകയായിരുന്നു.
ഹോനിബ് സ്കലറ്റൺ കോസ്റ്റ് ക്യാംപിലെ ഹോനിബ് നദിക്കരയില്‍ ഭാര്യയോടും സുഹൃത്തുക്കളോടുമൊപ്പം അവധിക്കാലം ചെലവഴിക്കാനെത്തിയതായിരുന്നു അദ്ദേഹം. വെള്ളിയാഴ്ച അതിരാവിലെ ബാത്ത് റൂമില്‍ പോകുന്നതിന് താത്കാലിക ടെന്‍റില്‍ നിന്നും പുറത്തിറങ്ങിയ ബ്രെണ്ട് കൈബിനെ സിംഹം കടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് നമീബിയ പരിസ്ഥിതി, വനം, ടൂറിസം മന്ത്രാലയ വക്താവ് പറഞ്ഞു. സിംഹത്തിന്‍റെ ആക്രമണവും ബ്രെണ്ടിന്‍റെ നിലവിളിയും കേട്ട് കൂടെയുണ്ടായിരുന്നവര്‍ പുറത്തിറങ്ങി സിംഹത്തെ ഓടിച്ചെങ്കിലും അതിനകം അദ്ദേഹം മരിച്ചിരുന്നെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ജർമ്മനിയില്‍ ഓഫ് റോഡ് വാഹനങ്ങളുടെ വില്പന കേന്ദ്രം നടത്തുകയാണ് ബ്രെണ്ട് കൈബിന്‍.
ഹോനിബ് സ്കലറ്റൺ കോസ്റ്റ് ക്യാംപിലെ മൃഗങ്ങൾ ടൂറിസ്റ്റുകൾക്കും തദ്ദേശീയ ജനതയ്ക്കും ഭീഷണിയായി മാറുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ആഫ്രിക്കയിലെ മിക്ക ദേശീയ പാര്‍ക്കുകളിലും ജലക്ഷാമം രൂക്ഷമാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് മൂലം മനുഷ്യ മൃഗ സംഘര്‍ഷങ്ങൾ വർദ്ധിക്കുകയാണെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. നമീബിയയുടെ വടക്ക് പടിഞ്ഞാറന്‍ പ്രദേശത്താണ് സംഭവം നടന്നത്. 2023 -ല്‍ പ്രദേശത്ത് 60 ഓളം സിംഹങ്ങളുണ്ടെന്നാണ് കണക്ക്