ഈദ് ആഘോഷിക്കാനുള്ള തയാറെടുപ്പുകള്‍ നടക്കുന്നതിനിടെ കാനഡയിലുടനീളം ആയിരക്കണക്കിന് ഹെന്ന കോണുകള്‍ തിരിച്ചുവിളിച്ചു. മൈലാഞ്ചി ഇട്ടതിനെ തുടര്‍ന്ന് കൈകള്‍ക്ക് പൊള്ളലേറ്റെന്ന റിപ്പോര്‍ട്ടുകള്‍ വന്നതോടെയാണ് ഹെന്ന കോണുകള്‍ തിരിച്ചുവിളിച്ചിരിക്കുന്നത്. മുസ്ലീ അസോസിയേഷന്‍ ഓഫ് കാനഡ(MAC) പ്രകാരം, ഈദ് അല്‍-അദ്ഹ ആഘോഷങ്ങള്‍ ജൂണ്‍ 6 വെള്ളിയാഴ്ച നടക്കും. ഈദ് ആഘോഷിക്കുമ്പോള്‍ കൈകളില്‍ മൈലാഞ്ചി ഇട്ട് അലങ്കരിക്കുന്നത് മുസ്ലീംങ്ങള്‍ക്കിടയിലെ പാരമ്പര്യമാണ്. എന്നാല്‍ ഇത്തരത്തില്‍ ഹെന്ന കോണ്‍ ഉപയോഗിച്ച് കൈകള്‍ക്ക് പൊള്ളലേറ്റുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെയാണ് ഹെന്ന കോണുകള്‍ തിരിച്ചുവിളിക്കുന്നത്.
രാസപരമായ അപകടസാധ്യത കാരണം മെയ് 2 ന് ഹെല്‍ത്ത് കാനഡ അരൂജ് ഹെന്ന കോണ്‍സ് തിരിച്ചുവിളിക്കുന്നതായി അറിയിച്ചിരുന്നു. ഹെല്‍ത്ത് കാനഡ പറയുന്നതനുസരിച്ച്, മെയ് 27 നുള്ളില്‍ തിരിച്ചുവിളിച്ച ഉല്‍പ്പന്നം കാരണം കൈകള്‍ക്ക് പൊള്ളലേറ്റ സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഫിനോളിക് സംയുക്തങ്ങള്‍ ശരീരത്തില്‍ പൊള്ളലേല്‍പ്പിക്കുന്നവയാണ്. ഇവ അടങ്ങിയിരിക്കുന്ന ഹെന്ന കോണ്‍ ഉപയോഗിക്കുമ്പോള്‍ അപകടമുണ്ടാകാമെന്ന് ഹെല്‍ത്ത് കാനഡ പ്രസ്താവനയില്‍ പറയുന്നു.
2024 നവംബര്‍ മുതല്‍ 2025 മെയ് വരെ പാക്കിസ്ഥാനില്‍ നിര്‍മിച്ച 5,760 യൂണിറ്റ് ഹെന്ന കോണുകള്‍ കാനഡയില്‍ വിറ്റഴിച്ചതായി എസ്എസ് ട്രേഡിംഗ് കമ്പനി റിപ്പോര്‍ട്ട് ചെയ്തു. ഇവ വാങ്ങിയവര്‍ ഉപയോഗിക്കരുതെന്നും ഉപേക്ഷിക്കണമെന്നും, ഹെന്ന കോണ്‍ ഉപയോഗിക്കുമ്പോള്‍ ഗുണമേന്മയുള്ള ബ്രാന്‍ഡാണെന്ന് ഉറപ്പുവരുത്തേണ്ടതാണെന്നും അധികൃതര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഉപഭോക്താക്കള്‍ക്ക് EAPAK കോര്‍പ്പറേഷനെ 514-858-6116 എന്ന നമ്പറില്‍ ബന്ധപ്പെടാമെന്നും അറിയിച്ചു.