ഡൗണ്‍ടൗണ്‍ കാല്‍ഗറിയുടെ ഭംഗി ആസ്വദിക്കാം; ബിഎംഒ സെന്ററിന് തൊട്ടടുത്തായി പുതിയ ഹോട്ടല്‍ നിര്‍മിക്കുന്നു 

By: 600002 On: Jun 3, 2025, 8:51 AM

 


കാല്‍ഗറി ഡൗണ്‍ടൗണില്‍ ബിഎംഒ സെന്ററിന് സമീപത്തായി പുതിയ ഹോട്ടല്‍ നിര്‍മിക്കുന്നു. കാനഡയിലെ ഏറ്റവും വലിയ വിനോദപരിപാടികളിലൊന്നായ കാല്‍ഗറി സ്റ്റാംപീഡില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് ഹോട്ടലില്‍ താമസിക്കാം. കാല്‍ഗറിയിലെ കള്‍ച്ചര്‍ + എന്റര്‍ടെയ്ന്‍മെന്റ് ഡിസ്ട്രിക്റ്റിലെ സ്റ്റാംപീഡ് പാര്‍ക്കിലെ ആദ്യത്തെ ഹോട്ടലാണിത്. ഹോട്ടല്‍ നിര്‍മാണത്തിനായി സ്റ്റാംപീഡും ട്രൂമാനും തമ്മില്‍ വാങ്ങല്‍, വില്‍പ്പന കരാര്‍ ഒപ്പുവെച്ചതായി കാല്‍ഗറി സ്റ്റാംപീഡ് അധികൃതര്‍ അറിയിച്ചു. ഏത് ഹോട്ടല്‍ ബ്രാന്‍ഡിനാണ് ഇതിന്റെ നടത്തിപ്പ് ചുമതല നല്‍കിയിരിക്കുന്നതെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. 85,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വമ്പന്‍ ഹോട്ടലാണ് സജ്ജീകരിക്കുന്നത്. 

13 നിലകളുള്ള ഒരു അപ്പര്‍-അപ്പ്‌സകെയില്‍ ലൈഫ്‌സ്റ്റൈല്‍ ബോട്ടിക് ഹോട്ടലായിരിക്കുമിതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏകദേശം 320 മുറികളുള്ള ഹോട്ടലില്‍ 15,000 ചതുരശ്ര അടിയില്‍ മീറ്റിംഗ്, ബോള്‍ റൂമുകള്‍ സജ്ജീകരിക്കും. 14,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ റെസ്‌റ്റോറന്റ് ഉള്‍പ്പെടെ ഫുഡ്, ബീവറേജ് ഓഫറിംഗ്‌സ്, ലോബി ബാര്‍, കോഫി ഷോപ്പ്, ഡൗണ്‍ടൗണ്‍ കാല്‍ഗറിയുടെ ഭംഗി ആസ്വദിക്കാനായി റൂഫ്‌ടോപ്പ് ലോഞ്ച് എന്നിവ ഹോട്ടലില്‍ ഉള്‍പ്പെടുന്നു. ഇതുകൂടാതെ, ആക്ടിവിറ്റി പൂള്‍, ജക്കൂസി, ഔട്ട്‌ഡോര്‍ ബാര്‍ എന്നിവയുള്ള ടെറസ് എന്നിവയും ഉണ്ടായിരിക്കും. 

ഈ മാസം അവസാനത്തോടെ ഡെവലപ്‌മെന്റ് പെര്‍മിറ്റ് സമര്‍പ്പിക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. തുടര്‍ന്ന് ഈ വര്‍ഷം അവസാനത്തോടെ നിര്‍മാണം ആരംഭിക്കുന്നതിനായി സൈറ്റ് തയാറാക്കും. 2028 അവസാനത്തോടെ ഹോട്ടല്‍ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.