തായ്‌ലന്‍ഡില്‍ നിന്നും മുംബൈയിലെത്തിയ ഇന്ത്യക്കാരന്റെ ബാഗ് നിറയെ വിഷപ്പാമ്പുകള്‍; വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടി 

By: 600002 On: Jun 3, 2025, 7:53 AM

 


തായ്‌ലന്‍ഡില്‍ നിന്നും മുംബൈ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഇന്ത്യന്‍ പൗരന്റെ ബാഗ് നിറയെ വിഷ പാമ്പുകള്‍. കസ്റ്റംസ് പരിശോധനയ്ക്കിടെ ബാഗ് തുറന്നപ്പോഴാണ് ഇതില്‍ ഒളിപ്പിച്ച നിലയില്‍ 48 ഓളം അത്യധികം വിഷമുള്ള പാമ്പുകളും അഞ്ച് ആമകളെയും കണ്ടെത്തിയത്. ഉടനെ ഇയാളെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. 

ശനിയാഴ്ച വൈകുന്നേരം ബാങ്കോക്കില്‍ നിന്ന് എത്തിയ വിമാനത്തില്‍ നിന്ന് യാത്രക്കാരന്‍ പുറത്തിറങ്ങിയതിന് പിന്നാലെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇയാളെ വളഞ്ഞത്. ലഗേജില്‍ മൂന്ന് സ്‌പൈഡര്‍-ടെയില്‍ഡ് ഹോണ്‍ഡ് വൈപ്പറുകള്‍, 44 ഇന്തോനേഷ്യന്‍ പിറ്റ് വൈപ്പറുകള്‍ എന്നിവ ഉള്‍പ്പെടുന്നു. കൂടാതെ, അഞ്ച് ഏഷ്യന്‍ ലീഫ് ആമകളുമാണ് ഉണ്ടായിരുന്നത്. കസ്റ്റംസ് ബ്യൂറോ പിടിച്ചെടുത്ത പല നിറങ്ങളിലുള്ള പാമ്പുകളുടെ ചിത്രങ്ങള്‍ എക്‌സില്‍ പങ്കുവെച്ചിട്ടുണ്ട്. 

വിമാനത്താവളങ്ങള്‍ വഴി സ്വര്‍ണം, മയക്കുമരുന്ന് തുടങ്ങിയവ അനധികൃതമായി കടത്താന്‍ ശ്രമിക്കുകയും അവ പിടിക്കപ്പെടുകയും ചെയ്യുന്നത് സാധാരണമാണ്. എന്നാല്‍ വിദേശ വന്യജീവികളുടെ അനധികൃത കടത്ത് താരതമ്യേന കുറവാണെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറയുന്നു. നിലവില്‍ പിടിച്ചെടുത്ത ജീവികളെ വന്യജീവി സംരക്ഷണ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം അവ കൊണ്ടുവന്ന രാജ്യങ്ങളിലേക്ക് തിരിച്ചയക്കാന്‍ വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോ ഉത്തരവിട്ടു. സംരക്ഷിത ജീവിവര്‍ഗ്ഗങ്ങളുടെ വ്യാപാരത്തെയും ഇറക്കുമതിയെയും കര്‍ശനമായി നിയന്ത്രിക്കുന്നതാണ് നിയമം.