എഐ അമേരിക്കയിൽ വൻ തൊഴിൽ നഷ്ടത്തിന് കാരണമാകുമെന്ന് ആന്ത്രോപിക് സിഇഒ ഡാരിയോ അമോഡെ

By: 600110 On: Jun 2, 2025, 2:58 PM

 

എഐ അമേരിക്കയിൽ വൻ തൊഴിൽ നഷ്ടത്തിന് കാരണമാകുമെന്ന് വിദഗ്ദ്ധർ. ടെക്, ധനകാര്യം, നിയമം തുടങ്ങിയ മേഖലകളിൽ കൂട്ടപ്പിരിച്ചുവിടലുകൾക്ക് എഐ കാരണമായേക്കാമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. അടുത്ത അഞ്ച് വർഷം വരെ തൊഴിൽ വിപണിയിലെ തകർച്ച തുടരുമെന്ന് എഐ കമ്പനിയായ ആന്ത്രോപിക്കിൻ്റെ മേധാവി ഡാരിയോ അമോഡെ പറഞ്ഞു. അതേസമയം, സമ്പദ്‌വ്യവസ്ഥയ്ക്ക് എഐ വലിയ നേട്ടങ്ങൾ നൽകുമെന്നും വൈദ്യശാസ്ത്രത്തിൽ അഭൂതപൂർവമായ പുരോഗതിക്ക് കാരണമാകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.  

യുഎസിലെ ദേശീയ തൊഴിലില്ലായ്മ നിരക്ക് നിലവിൽ 4.2 ശതമാനം ആണ്. മനുഷ്യതലത്തിലുള്ളതോ അതിലും ഉയർന്നതോ ആയ വൈജ്ഞാനിക കഴിവുകളുള്ള ഒരു AI മോഡലിനെ വികസിപ്പിക്കുന്നതിനായി ഗൂഗിൾ, മെറ്റാ, ഓപ്പൺഎഐ തുടങ്ങിയ മറ്റ് സാങ്കേതിക ഭീമന്മാരുമായി, ആന്ത്രോപിക് മത്സരിക്കുന്നതിനിടെയാണ് ഏറ്റവും പുതിയ മുന്നറിയിപ്പ് വരുന്നത്. വരാനിരിക്കുന്ന തൊഴിൽ നഷ്ടങ്ങളെക്കുറിച്ച് പലർക്കും വ്യക്തമായ ധാരണയില്ലെന്നും ഡാരിയോ അമോഡെ പറഞ്ഞു. എഐയിലൂടെ ക്യാൻസറിന് പ്രതിവിധി കണ്ടെത്തിയേക്കാം. സമ്പദ് വ്യവസ്ഥ പത്ത് ശതമാനം വളർച്ച കൈവരിച്ചേക്കാം. ഒപ്പം 20 ശതമാനം തൊഴിലുകളും നഷ്ടപ്പെട്ടേക്കാം, അമോഡെ പറഞ്ഞു. നേരത്തെ സാം ആൾട്ട്മാന് കീഴിൽ ജോലി ചെയ്തിരുന്ന അമോഡെ പിന്നീട് ആന്ത്രോപിക് എന്ന സ്വന്തം കമ്പനി സ്ഥാപിക്കുകയായിരുന്നു.