കാനഡയെ ഊർജ്ജ സൂപ്പർ പവർ ആക്കുന്നതിനുള്ള തൻ്റെ പദ്ധതികളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മാർക്ക് കാർണി കാൽഗറിയിൽ എണ്ണ, വാതക എക്സിക്യൂട്ടീവുകളുമായി കൂടിക്കാഴ്ച നടത്തി. കമ്പനികളുടെ അഭിപ്രായങ്ങൾ സ്വീകരിക്കുന്നതിനും പങ്കാളിത്തം സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാനുമായിരുന്നു കൂടിക്കാഴ്ച.
പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനുശേഷം മാർക്ക് കാർണിയുടെ കാൽഗറിയിലേക്കുള്ള ആദ്യ സന്ദർശനമായിരുന്നു ഇത്. ഊർജ്ജ മേഖലയിലെ നിരവധി പേരുമായി പ്രധാനമന്ത്രി സംസാരിച്ചു. ടൂർമലൈൻ ഓയിൽ സിഇഒ മൈക്കൽ റോസ്, പാത്ത്‌വേസ് അലയൻസ് പ്രസിഡൻ്റ് കെൻഡൽ ഡില്ലിംഗ്, എടിസിഒ സിഇഒ നാൻസി സതേൺ, ഇംപീരിയൽ ഓയിൽ പ്രസിഡൻ്റ് ജോൺ വീലൻ, സെനോവസ് എനർജി പ്രസിഡൻ്റ് ജോൺ മക്കെൻസി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. തിരഞ്ഞെടുപ്പ് വിജയത്തിൽ കാർണിയെ കമ്പനിയുടെ സിഇഒമാർ അഭിനന്ദിച്ചും, കാനഡയെ G7 രാജ്യങ്ങളിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയാക്കുമെന്ന കാർണിയുടെ വാഗ്ദാനം നിറവേറ്റാൻ സഹായിക്കുന്നതിന് നയപരമായ നടപടികൾ നിർദ്ദേശിച്ചും 38 സിഇഒമാർ ഒരു മെമ്മോറാണ്ടത്തിൽ ഒപ്പുവച്ചു. പരിസ്ഥിതി നിയന്ത്രണങ്ങൾ കുറച്ചുകൊണ്ട് എണ്ണ, വാതക വ്യവസായത്തെ പിന്തുണയ്ക്കാൻ ലക്ഷ്യമിട്ടുള്ള നയനിർദ്ദേശങ്ങളും ഇതിലുണ്ടെന്നാണ് സൂചന.