കാനഡയെ അമേരിക്കയുടെ  51ആം സംസ്ഥാനമാക്കുമെന്ന ട്രംപിൻ്റെ പരാമർശങ്ങളിൽ  നിരാശ പ്രകടിപ്പിച്ച് ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത്

By: 600110 On: Jun 2, 2025, 2:27 PM

 

കാനഡയെ അമേരിക്കയുടെ  51-ാമത്തെ സംസ്ഥാനമാക്കുമെന്ന ഡോണൾഡ് ട്രംപിൻ്റെ ആവർത്തിച്ചുള്ള പരാമർശങ്ങളിൽ  നിരാശ പ്രകടിപ്പിച്ച് ആൽബെർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത്. ഇത്തരം പരാമർശങ്ങൾ കനേഡിയൻ-യുഎസ് ബന്ധത്തെ പ്രതികൂലമായി ബാധിക്കുമെന്നും സ്മിത്ത് പറഞ്ഞു.

ജൂൺ 15 മുതൽ 17 വരെ നടക്കാനിരിക്കുന്ന ജി 7 സമ്മേളനത്തിനായി ട്രംപ് ആൽബർട്ടയിൽ എത്താനിരിക്കെയാണ് പ്രീമിയർ തൻ്റെ അതൃപ്തി പ്രകടമാക്കിയത്. തുടക്കത്തിൽ തമാശ പോലെയാണ് തോന്നിയത്. എന്നാൽ ആറ് മാസത്തിന് ശേഷവും ഇത് ചർച്ച ചെയ്യപ്പെടുന്നതിൽ വളരെ നിരാശയാണെന്ന് സ്മിത്ത്  പറഞ്ഞു. യുഎസ് അംബാസഡർ പീറ്റ് ഹോക്സ്ട്രയോട് ആണ് ഡാനിയേൽ സ്മിത്ത് നിരാശ പ്രകടിപ്പിച്ചത്. ഇങ്ങനെയൊരു ഭീഷണി തലയ്ക്ക് മുകളിൽ തൂങ്ങിയാടുമ്പോൾ യുഎസുമായുള്ള ബന്ധം സാധാരണ നിലയിലാക്കുക ബുദ്ധിമുട്ടാണ്. കാനഡ-യുഎസ് സ്വതന്ത്ര വ്യാപാര കരാറുമായി ബന്ധപ്പെട്ട ചർച്ചകളെയും ഇത് ബാധിച്ചേക്കാമെന്നും സ്മിത്ത്  പറഞ്ഞു. ഗോൾഡൻ ഡോം എന്ന  മിസൈൽ പ്രതിരോധ പദ്ധതിയിൽ ചേരുന്നതിന് കാനഡയ്ക്ക് 61 ബില്യൺ ഡോളർ ചിലവാകുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ കാനഡ നമ്മുടെ പ്രിയപ്പെട്ട 51-ാമത്തെ സംസ്ഥാനമായി മാറിയാൽ ഇത് സൌജന്യമായി ലഭ്യമാക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു.