ട്രംപിൻ്റെ പുതിയ സ്റ്റീൽ താരിഫുകൾ വൻതോതിലുള്ള പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്ന് കനേഡിയൻ വ്യവസായ മേഖല

By: 600110 On: Jun 2, 2025, 2:13 PM

 

അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉരുക്കിനും അലുമിനിയത്തിനുമുള്ള തീരുവ വർദ്ധിപ്പിച്ച യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ നടപടി വൻ പ്രത്യാഘാതങ്ങൾക്ക് വഴിവയ്ക്കുമെന്ന് കാനഡയിലെ ഉരുക്ക് വ്യവസായ മേഖലയിൽ ഉള്ളവർ മുന്നറിയിപ്പ് നൽകുന്നു. വെള്ളിയാഴ്ചയാണ്  സ്റ്റീൽ, അലുമിനിയം  ഇറക്കുമതിക്കുള്ള  തീരുവ ഇരട്ടിയാക്കി  50 ശതമാനമായി ഉയർത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്.

കാനഡയിലെയും യുഎസിലെയും സ്റ്റീൽ വ്യവസായം വളരെയേറെ ബന്ധപ്പെട്ടിരിക്കുന്നുവെന്നും താരിഫുകൾ ഇരു രാജ്യങ്ങളിലെയും സ്റ്റീൽ വ്യവസായത്തെ ബാധിക്കുമെന്നും കനേഡിയൻ സ്റ്റീൽ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ്റെ പ്രസിഡൻ്റും സിഇഒയുമായ കാതറിൻ കോബ്ഡൻ പറഞ്ഞു. ഇത് കാനഡയിൽ നിന്ന് യുഎസിലേക്കുള്ള ഇറക്കുമതി പകുതിയായി കുറയ്ക്കുന്നതിന് തുല്യമാണെന്നും കാതറിൻ കോബ്ഡൻ വ്യക്തമാക്കി. കനേഡിയൻ സർക്കാർ ഉടൻ തന്നെ ഇക്കാര്യത്തിൽ ഇടപെടണമെന്നും അവർ ആവശ്യപ്പെട്ടു. ബുധനാഴ്ചയാണ് പുതുക്കിയ താരിഫുകൾ നിലവിൽ വരികയെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. നമ്മുടെ സ്റ്റീൽ അലുമിനിയം വ്യവസായങ്ങൾ തിരിച്ചുവരവിൻ്റെ പാതയിലാണ്. പുതിയ തീരുമാനം ഈ മേഖലയിലുള്ള തൊഴിലാളികളെ സംബന്ധിച്ച് വളരെയധികം സന്തോഷം നല്കുന്ന ഒന്നായിരിക്കുമെന്നും ട്രംപ് സാമൂഹ്യ മാധ്യത്തിൽ കുറിച്ചു.