ഉയര്‍ന്ന താപനില, കാറ്റ്, വരണ്ട കാലാവസ്ഥ എന്നിവ കാരണം സസ്‌ക്കാച്ചെവനില്‍ വ്യാപിക്കുന്ന കാട്ടുതീ കൂടുതല്‍ ശക്തമാകുമെന്ന് പ്രവചനം. കാട്ടുതീ നിയന്ത്രണവിധേയമാകാനുള്ള ഒരു സൂചനയും കാണുന്നില്ലെന്നും സസ്‌ക്കാച്ചെവന്‍ പബ്ലിക് സേഫ്റ്റി ഏജന്‍സി(എസ്പിഎസ്എ) പുറത്തിറക്കിയ പുതിയ അപ്‌ഡേറ്റില്‍ പറയുന്നു. ഞായറാഴ്ച ഉച്ചവരെ പ്രവിശ്യയില്‍ 15 തീപിടുത്തങ്ങള്‍ ഉണ്ടായി. ശനിയാഴ്ച വരെ 17 ഓളം തീപിടുത്തങ്ങളാണ് ഉണ്ടായത്. ഇതില്‍ രണ്ട് തീപിടുത്തങ്ങള്‍ കൂടിച്ചേര്‍ന്നതിനാലും ചെറിയ ചില തീപിടുത്തങ്ങള്‍ നിയന്ത്രണവിധേയമായതിനാലുമാണ് തീപിടുത്തങ്ങള്‍ കുറഞ്ഞതെന്ന് ഏജന്‍സി അറിയിച്ചു.
ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണി വരെ 20 കമ്മ്യൂണിറ്റികള്‍ ഒഴിപ്പിക്കല്‍ ഉത്തരവിന് കീഴിലായിരുന്നുവെന്ന് എസ്പിഎസ്എ ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്റ് സ്റ്റീവ് റോബര്‍ട്ട്‌സ് പറഞ്ഞു. സ്റ്റര്‍ജിയന്‍ ലാന്‍ഡിംഗ്, ടിംബര്‍ ബേ എന്നിവടങ്ങളിലാണ് ഏറ്റവും പുതിയ ഒഴിപ്പിക്കല്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. ഹാള്‍ ലേക്ക്, പെലിക്കന്‍ നാരോസ്, ക്രെറ്റണ്‍, ഡെനാരെ ബീച്ച്, വെയാക്വിന്‍ എന്നിവയുള്‍പ്പെടെയുള്ള കമ്മ്യൂണിറ്റികളിലെ ആയിരക്കണക്കിന് ആളുകളെ ഇതിനകം വീടുകളില്‍ നിന്നും മാറ്റിപ്പാര്‍പ്പിച്ചതായി അധികൃതര്‍ അറിയിച്ചു.
കാട്ടുതീ ദേശീയപാതകളെ ബാധിക്കുന്നുണ്ട്. ചില കമ്മ്യൂണിറ്റികളിലേക്കുള്ള പ്രവേശനവും ഇതുമൂലം നിയന്ത്രിച്ചിട്ടുണ്ട്. ഗതാഗതം നിരന്തരമായി തടസ്സപ്പെടുന്നുണ്ട്. ഏറ്റവും പുതിയ അപ്‌ഡേറ്റുകള്‍ക്കായി ജനങ്ങള്‍ ഹൈവേ ഹോട്ട്‌ലൈന്‍ പരിശോധിക്കണമെന്നും റോബര്‍ട്ട്‌സ് പറഞ്ഞു. ഞായറാഴ്ച വരെ വീടുകളും ക്യാബിനുകളും ഉള്‍പ്പെടെ 80 ഓളം വിലയേറിയ വസ്തുക്കള്‍ കാട്ടുതീയില്‍ നശിച്ചതായി റോബര്‍ട്ട്‌സ് വ്യക്തമാക്കി.