അയ്യോ ഇന്ത്യയിലെ ബീച്ചിൽ എന്താ ഇങ്ങനെ, ആരും ഷർട്ടൂരില്ലേ? അമ്പരപ്പ് പങ്കുവച്ച് വിദേശി യുവാവ്

By: 600007 On: Jun 1, 2025, 2:53 PM

 

 

ഓരോ നാടിനും ഓരോ സംസ്കാരമാണ് അല്ലേ? വിദേശികൾക്ക് ഒരിക്കലും സങ്കല്പിക്കാൻ സാധിക്കാത്ത കാര്യമാണ് മുഴുവനായും വസ്ത്രം ധരിച്ച് ബീച്ചിൽ പോവുക എന്നത്. എന്നാൽ, ഇന്ത്യയിൽ മിക്കവരും മറ്റ് സ്ഥലങ്ങളിൽ പോകുന്നത് പോലെ തന്നെ സാരിയും ചുരിദാറും പാന്റും ഷർട്ടും ഒക്കെ ധരിച്ചാണ് ബീച്ചിലും പോകാറ്. അതിൽ ഒരു വിദേശി യുവാവ് അമ്പരപ്പ് പ്രകടിപ്പിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. 

വിദേശത്ത് നിന്നുള്ള യുവാവ് ഇന്ത്യയിലെ ബീച്ചിലെത്തിയപ്പോൾ ആകെ അമ്പരന്നു പോയി എന്നാണ് വീഡിയോ കാണുമ്പോൾ മനസിലാവുന്നത്. അടുത്തിടെ ഇന്ത്യയിലെ ബീച്ചിലെത്തിയ യുവാവ് എല്ലാവരും സാധാരണ പോലെ വസ്ത്രം ധരിച്ചാണ് എത്തിയത് എന്ന് കണ്ടപ്പോൾ ഇനി ആ ബീച്ചിൽ ഷർട്ട് അഴിക്കുന്നതിന് വല്ല പ്രശ്നവും ഉണ്ടോ, അനുമതി ഉണ്ടാവില്ലേ എന്ന് വരെ ചിന്തിച്ചുപോയത്രെ. 

georgebxckley എന്ന യൂസർനെയിമിൽ അറിയപ്പെടുന്ന യുവാവാണ് ഇൻസ്റ്റ​ഗ്രാമിൽ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. 'ഇന്ത്യയിലേക്കുള്ള എന്റെ യാത്രയിൽ ആദ്യത്തെ ബീച്ചിൽ ഞാൻ എത്തി. പക്ഷേ ഇവിടെ ആരും ടോപ്‍ലെസ് അല്ല എന്നും അവരെല്ലാം പൂർണ്ണമായും വസ്ത്രം ധരിച്ചിരിക്കുകയാണ് എന്നും എനിക്ക് മനസ്സിലായി. എനിക്ക് അതേക്കുറിച്ച് മനസ്സിലാകുന്നില്ല. ഞാൻ തമാശ പറയുന്നതും അല്ല. ഇവിടെ 100 പേരോളം ഉണ്ട്, അതിൽ രണ്ട് പേർ ഷർട്ട് ധരിച്ചിട്ടില്ല. അതിനാൽ എനിക്കത് മനസിലാകുന്നില്ല' എന്നാണ് യുവാവ് പറയുന്നത്.