വർഷം 9 കോടിയോളം രൂപ പ്രതിഫലം ലഭിക്കുന്ന ജോലിയാണ് ചിക്കാഗോയിലെ ഈ മ്യൂസിയം ഡയറക്ടർക്ക്. എന്നാൽ, വിമാനയാത്രയിൽ മദ്യപിച്ച് നഗ്നനായി പ്രശ്നമായതിനെ തുടർന്ന് അദ്ദേഹത്തിന്റെ ജോലിക്കാര്യം ആകെ സംശയത്തിലായിരുന്നു. പക്ഷേ, ഡയറക്ടർക്ക് ജോലി നഷ്ടപ്പെടില്ല എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.
ആർട്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചിക്കാഗോ ഡയറക്ടറായ ജെയിംസ് റോണ്ടോയാണ് വിമാനത്തിൽ മദ്യപിച്ച് വസ്ത്രങ്ങളഴിച്ചത്. ഏപ്രിൽ പകുതിയോടെ യുണൈറ്റഡ് എയർലൈൻസ് വിമാനത്തിലായിരുന്നു സംഭവം. ജെയിംസ് കഴിക്കുന്ന മരുന്നിനൊപ്പം മദ്യവും കൂടി കഴിച്ചതോടെയാണ് പ്രശ്നമായത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഏപ്രിൽ 18 -ന് ചിക്കാഗോയിൽ നിന്നും മ്യൂണിച്ചിലേക്ക് പോകുന്നതായിരുന്നു വിമാനം. ആ സമയത്താണ് സഹയാത്രികരുടെ മുന്നിൽ നിന്നും ജെയിംസ് വസ്ത്രങ്ങളഴിച്ച് മാറ്റാനും നഗ്നനാവാനും തുടങ്ങിയത്. ഇത് ആകെ പരിഭ്രാന്തി സൃഷ്ടിക്കുകയായിരുന്നു.
പിന്നീടാണ്, ഇയാൾ ഡോക്ടർ കുറിച്ച മരുന്നുകൂടി കഴിച്ചതോടെയാണ് ഈ വിചിത്രമായ പെരുമാറ്റമുണ്ടായത് എന്ന് കണ്ടെത്തുന്നത്. വിമാനം എയർപോർട്ടിൽ എത്തിയതിന് പിന്നാലെ ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു.
ജെയിംസ് സംഭവങ്ങളെ തുടർന്ന് ലീവിൽ പ്രവേശിക്കുകയും മ്യൂസിയം സംഭവത്തെ കുറിച്ച് സ്വതന്ത്രാന്വേഷണം ആരംഭിക്കുകയും ചെയ്തു. അന്വേഷണത്തിന് പിന്നാലെ മ്യൂസിയത്തിന്റെ ചുമതല ജെയിംസിനെ തന്നെ ഏല്പിക്കാനായിരുന്നു തീരുമാനം.
ആർട്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചിക്കാഗോയുടെ ബോർഡ് നേതൃത്വം ഈ സംഭവത്തെക്കുറിച്ച് ഒരു സ്വതന്ത്രാന്വേഷണം നടത്തുകയും ജെയിംസ് റോണ്ടോയുടെ നേതൃപാടവം ബോധ്യപ്പെടുകയും മ്യൂസിയത്തിന്റെ പ്രസിഡന്റും ഡയറക്ടറുമായി തുടരാനുള്ള ആ കഴിവിൽ ഇപ്പോഴും വിശ്വസിക്കുകയും ചെയ്യുന്നു എന്നാണ് മ്യൂയിസം വക്താവ് പറഞ്ഞത്.
സംഭവത്തിൽ താൻ അതിയായി ഖേദിക്കുന്നു എന്ന് പിന്നീട് ജെയിംസ് പ്രസ്താവനയിൽ പറഞ്ഞു. സംഭവം മ്യൂസിയത്തിനും സഹപ്രവർത്തകർക്കും തനിക്കുമുണ്ടാക്കിയ ബുദ്ധിമുട്ടുകളിൽ ഖേദിക്കുന്നു. തന്റെ പ്രൊഫഷണൽ കരിയറിലെ കഴിഞ്ഞ 27 വർഷങ്ങളും താൻ ആർട്ട് ഇൻസ്റ്റിറ്റ്യൂട്ടിന് വേണ്ടിയാണ് സമർപ്പിച്ചത്. ആ ദൗത്യം ഇനിയും മുന്നോട്ട് കൊണ്ടുപോകാൻ തനിക്ക് സാധിക്കുന്നതിൽ താൻ നന്ദിയുള്ളവനാണ് എന്നും ജെയിംസ് പറഞ്ഞു.