ബിരുദത്തിന് നിർബന്ധിത ഫ്രഞ്ച് പരീക്ഷ നടത്തുന്നതിനെതിരെ പ്രതിഷേധവുമായി ക്യൂബെക്കിലെ ഇന്ത്യൻ വിദ്യാർത്ഥികൾ . എന്നാൽ ഇത് പ്രദേശവാസികളുടെ എതിർപ്പിന് കാരണമായിട്ടുണ്ട്. ബിരുദത്തിനും ബിരുദാനന്തര ബിരുദത്തിനും വർക്ക് പെർമിറ്റിനും വേണ്ടി ഫ്രഞ്ച് പരീക്ഷ എഴുതാൻ നിർബന്ധിതരാകുന്നതിൽ വിദ്യാർത്ഥികൾ പ്രതിക്ഷേധിക്കുന്നാ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഫ്രഞ്ച് വിത്ത് ഫെയർനെസ്' എന്ന ഇൻസ്റ്റാഗ്രാം പേജിൽ പങ്കിട്ട വീഡിയോ ക്യൂബെക്ക് നിവാസികളുടെ എതിർപ്പിന് ഇടയാക്കിയിട്ടുണ്ട്.
രാജ്യത്തിൻ്റെ ഭാഷ പഠിക്കാൻ കഴിയുന്നില്ലെങ്കിൽ ഇന്ത്യയിലേക്ക് മടങ്ങാനാണ് വിദ്യാർത്ഥികളോട് ഇവർ ആവശ്യപ്പെടുന്നത്. കാനഡയിൽ ഫ്രഞ്ച് ഭാഷ ഏറ്റവും കൂടുതൽ സംസാരിക്കുന്നത് ക്യൂബെക്കിലാണ്. ഫ്രഞ്ച് പൈതൃകത്തിനും വ്യത്യസ്തമായ സാംസ്കാരിക സ്വത്വത്തിനും പേരുകേട്ടതാണ് ക്യൂബെക്ക്. പതിനേഴാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ ഫ്രഞ്ചുകാർ ഇത് കോളനിവത്കരിച്ചു. പിന്നീട് ബ്രിട്ടീഷ് നിയന്ത്രണത്തിലായെങ്കിലും ക്യൂബെക്ക് അതിൻ്റെ ഫ്രഞ്ച് ഭാഷയും സിവിൽ നിയമ പാരമ്പര്യങ്ങളും നിലനിർത്തുകയായിരുന്നു. ഇതിൻ്റെ ഭാഗമായാണ് വിദേശ വിദ്യാർഥികൾക്കും ഫ്രഞ്ച് പഠനം നിർബന്ധമാക്കിയത്. മറ്റെല്ലാ പരീക്ഷകളും പാസ്സായാലും ഫ്രഞ്ച് പരീക്ഷയിൽ തോറ്റാൽ വിദ്യാർഥികൾക്ക് ബിരുദം ലഭിക്കില്ല. ഇതിനെതിരെയാണ് ഇന്ത്യൻ വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്.