2025ൻ്റെ ആദ്യ പാദത്തിൽ ക്യൂബെക്കിൽ ടെസ്‌ല രജിസ്ട്രേഷൻ 90 ശതമാനം കുറഞ്ഞതായി റിപ്പോർട്ട്. കാനഡയിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന വിപണിയായ പ്രവിശ്യയാണ് ക്യൂബെക്. ഇവിടെ 524 ടെസ്‌ലകൾ മാത്രമേ 2025ൻ്റെ ആദ്യ പാദത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളൂ. പ്രവിശ്യയിലെ വിൽപന ഇടിഞ്ഞതോടെ ക്യൂബെക്കിൽ ഇവി വാങ്ങുന്നവർക്കിടയിൽ ടെസ്‌ലയോടുള്ള പ്രിയം കുറയുന്നതിൻ്റെ ലക്ഷണങ്ങൾ ആണ് കാണിക്കുന്നത്.
ക്യൂബെക്കിലെ ഓട്ടോ ഇൻഷുറൻസ് ബോർഡിൻ്റെ കണക്കനുസരിച്ച്, ജനുവരി ഒന്നിനും മാർച്ച് 31 നും ഇടയിൽ ക്യൂബെക്കിൽ 524 ടെസ്‌ലകൾ മാത്രമേ രജിസ്റ്റർ ചെയ്തിട്ടുള്ളൂ. മുൻ പാദത്തിൽ പ്രവിശ്യയിൽ 5,097 ഇലക്ട്രിക് കാറുകൾ രജിസ്റ്റർ ചെയ്തിരുന്നു. കാനഡയിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന വിപണിയായ ക്യൂബെക്കിൽ ടെസ്‌ല ഉൾപ്പടെയുള്ള ഇലക്ട്രിക് വാഹനങ്ങളുടെ രജിസ്ട്രേഷൻ 2023 മുതൽ 2024 വരെയുള്ള കാലയളവിൽ 30 ശതമാനം ഉയർന്നതായി സിബിസി ന്യൂസ് നേടിയ ഡാറ്റ വ്യക്തമാക്കുന്നു. എന്നാൽ 2025ൻ്റെ തുടക്കത്തിൽ ഇതിൽ വലിയ ഇടിവുണ്ടായി. ടെസ്ലയുടെ സിഇഒ എലോൺ മസ്‌ക് ട്രംപ് ഭരണകൂടത്തിൻ്റെ ഭാഗമായത് വിൽപ്പനയെ ഏറെക്കുറെ സ്വാധീനിച്ചിട്ടുണ്ട്. എന്നാൽ കമ്പനിയുടെ സ്ഥാപകനോടുള്ള പൊതുവായ അനിഷ്ടത്തിനപ്പുറമാണ് കാരണങ്ങൾ എന്ന് ഇലക്ട്രിക് മൊബിലിറ്റി കാനഡയുടെ പ്രസിഡൻ്റ് ഡാനിയേൽ ബ്രെട്ടൺ പറയുന്നു. താരിഫുകളും റിബേറ്റ് വെട്ടിക്കുറയ്ക്കലുകളും ഇടിവിന് കാരണമായിട്ടുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു