ഒൻ്റാരിയോയിലെ സ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ വ്യാപകമായി കൊണ്ടിരിക്കുന്ന അപകടകരമായ സോഷ്യൽ മീഡിയ ചലഞ്ചുകളെക്കുറിച്ച് മുന്നറിയിപ്പുമായി ടൊറൻ്റോ കാത്തലിക് ഡിസ്ട്രിക്റ്റ് സ്കൂൾ ബോർഡ്. മറ്റുള്ളവരെ കൂടി ഇത്തരം ചലഞ്ചുകളിൽ പങ്കെടുക്കാൻ പ്രോത്സാഹിപ്പിക്കുകയും, റെക്കോർഡ് ചെയ്ത് വീഡിയോ ഓൺലൈനിൽ പങ്കിടുകയുമാണ് ചെയ്യുന്നത്. ഇത് വിദ്യാർത്ഥികൾക്കും മുഴുവൻ സ്കൂൾ സമൂഹത്തിനും ഗുരുതരമായ അപകടസാധ്യതകൾ സൃഷ്ടിച്ചേക്കാം എന്ന് ബോർഡ് പറയുന്നു.
കുട്ടികൾക്കിടയിൽ ഏറെ പ്രചാരമുള്ള ചലഞ്ചുകളിലൊന്ന് "പേപ്പർ ക്ലിപ്പ് ചലഞ്ച്" എന്നാണറിയപ്പെടുന്നത്. ഇതിൽ വിദ്യാർത്ഥികൾ പേപ്പർ ക്ലിപ്പ് പോലുള്ള ലോഹ വസ്തുക്കൾ ഒരു ഇലക്ട്രിക്കൽ ഔട്ട്‌ലെറ്റിലേക്ക് തിരുകുകയും വൈദ്യുത തീപ്പൊരികൾ ഉണ്ടാക്കുന്നതിനായി നാണയം ഇടുകയും ചെയ്യുന്നു. "Chromebook ചലഞ്ച്" ആണ് മറ്റൊന്ന്. ഇതനുസരിച്ച് Chromebook USB പോർട്ടുകളിൽ പേപ്പർ ക്ലിപ്പുകൾ, പെൻസിലുകൾ അല്ലെങ്കിൽ മറ്റ് വസ്തുക്കൾ എന്നിവ മനഃപൂർവ്വം ഷോർട്ട് സർക്യൂട്ട് ഉണ്ടാക്കുന്നതിനായി ഇടുകയാണ് ചെയ്യുന്നത്. ഇത് അമിതമായ ചൂടാകലിനും തീപിടുത്തത്തിനും കാരണമാകുമെന്ന് ബോർഡ് പറയുന്നു. "സീനിയർ അസ്സാസിൻ ചലഞ്ച്" എന്നറിയപ്പെടുന്ന, മറ്റൊരു ചലഞ്ചിൻ്റെ ഭാഗമായി, പൊതുസ്ഥലങ്ങളിൽ വാട്ടർ ഗണ്ണുകൾ, നെർഫ്-സ്റ്റൈൽ പ്രൊജക്‌ടൈലുകൾ, തുടങ്ങിയവ ഉപയോഗിച്ച് വിദ്യാർത്ഥികൾ പരസ്പരം വെടിവെക്കാൻ ശ്രമിക്കുന്ന ഒരു പ്രവണതയും നിലവിലുണ്ട്.
ഗ്രേറ്റർ ടൊറൻ്റോ, ഹാമിൽട്ടൺ ഏരിയകളിലെ പോലീസും ഫയർ സർവീസുകളും ഇത്തരം വെല്ലുവിളികളിൽ വിദ്യാർത്ഥികൾ പങ്കെടുക്കുന്നതിനെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വടക്കേ അമേരിക്കയിലുടനീളമുള്ള മറ്റ് സ്കൂൾ ബോർഡുകളും മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. പലയിടങ്ങളിലും ചലഞ്ചുകളുടെ ഭാഗമായി നിരവധി പരിക്കുകളും തീപിടുത്ത സംഭവങ്ങളും റിപ്പോർട്ട് ചെയ്തതിനെത്തുടർന്നാണ് ഇത്.