മെക്സിക്കോ സന്ദർശനത്തിനിടെ കടൽത്തിരയിൽപ്പെട്ട് കാണാതായ കനേഡിയന്‍ പൗരന്‍റെ മൃതദേഹം ബീച്ചില്‍ നിന്ന് ലഭിച്ചു. സസ്‌കാറ്റൂൺ സ്വദേശിയായ ബ്രെയ്‌ഡൺ ബ്രെറ്റ്‌സറിൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഒപ്പം ഉണ്ടായിരുന്ന സുഹൃത്തിനെയും കടലിൽ കാണാതായിട്ടുണ്ട്. 40 കാരനായ യുഎസ് സ്വദേശി, ക്രിസ് അങ്കെലിനെ ആണ് കാണാതായത്. ഇയാളുടെ മൃതദേഹം ഇത് വരെ കണ്ടെത്തിയിട്ടില്ല.
നീന്തലിന് സുരക്ഷിതമല്ലാത്ത പ്രക്ഷുബ്ധമായ കടലിൽ നീന്താൻ ഇറങ്ങിയതായിരുന്നു ഇരുവരും. മെക്സിക്കോയുടെ തെക്കൻ പസഫിക് തീരത്തുള്ള പ്യൂർട്ടോ എസ്കോണ്ടിഡോയിലെ, സികാറ്റെല ബീച്ചിൽ നീന്താൻ ഇറങ്ങിയപ്പോഴാണ് ശക്തമായ തിരയിൽപ്പെട്ട് ഇരുവരെയും കാണാതായതെന്ന് അധികൃതർ പറഞ്ഞു. പ്രാദേശിക സിവിൽ പ്രൊട്ടക്ഷൻ യൂണിറ്റും ലൈഫ് ഗാർഡുകളുടെ സംഘവും തിരച്ചിൽ നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായില്ല. ബോട്ടിൽ തിരച്ചിലിന് ഇറങ്ങിയപ്പോഴാണ് ബ്രെയ്‌ഡണിൻ്റെ മൃതദേഹം വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നത് കണ്ടത്. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം ബ്രെറ്റ്‌സറിൻ്റേത് മുങ്ങിമരണമാണ്. പ്രോട്ടോക്കോളുകൾ പാലിച്ചുകൊണ്ട്, രണ്ടാമത്തെ വിനോദസഞ്ചാരിയായ ക്രിസിനായി തിരച്ചിൽ ശ്രമങ്ങൾ തുടരുകയാണ് എന്ന് സാൻ പെഡ്രോ മിക്സ്റ്റെപെക് മേയറുടെ ഓഫീസ് അറിയിച്ചു. യൂത്ത് ഫുട്ബോൾ കോച്ചും മാർക്കറ്റിങ് കൺസൾട്ടൻ്റുമായിരുന്നു മരിച്ച ബ്രെയ്‌ഡൺ ബ്രെറ്റ്‌സർ. ബ്രെറ്റ്സറുടെ കുടുംബത്തിനായി ഗോ ഫണ്ട് മി വഴി സഹായധനത്തിനായുള്ള ക്യാമ്പയിന് തുടക്കമിട്ടിട്ടുണ്ട്.