ഹൈടെക് ടേക്ക്ഔട്ട് ട്രയല്‍: മര്‍ഖമില്‍ ഫുഡ് ഡെലിവറി റോബോട്ടുകള്‍ നിരത്തിലിറങ്ങി 

By: 600002 On: May 31, 2025, 12:37 PM

 

 

സ്‌കിപ്പ് ദി ഡിഷസ്, റിയല്‍ ലൈഫ് റോബോട്ടിക്‌സ് എന്നിവ ചേര്‍ന്ന് ആരംഭിച്ച പുതിയ പൈലറ്റ് പ്രോജക്ടിന്റെ ഭാഗമായി മര്‍ഖമില്‍ കുഞ്ഞു റോബോട്ടുകള്‍ ഫുഡ് ഡെലിവറിക്കായി നിരത്തിലിറങ്ങി. പ്രാദേശിക ഉപഭോക്താക്കളിലേക്കെത്തുന്ന രീതിയിലുള്ള ഹൈടെക് മാറ്റമാണിത്. കനേഡിയന്‍ കമ്പനികളില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ കനേഡിയന്‍ കുടുംബങ്ങള്‍ക്ക് കൂടുതല്‍ അഫോര്‍ഡബിളായ നിരക്കില്‍ വീട്ടില്‍ ലഭ്യമാക്കുക എന്നതാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് റിയല്‍ ലൈഫ് റോബോട്ടിക്‌സ് ഗ്രോത്ത് ഹെഡ് ഷെരിഫ് വിരാനി പറഞ്ഞു. 

മറ്റ് ഓണ്‍ലൈന്‍ ഓര്‍ഡറിംഗ് സിസ്റ്റത്തിന് സമാനമാണ് ഈ പ്രക്രിയ. ഉപഭോക്താക്കള്‍ അവരുടെ പ്രിയപ്പെട്ട റെസ്റ്റോറന്റുകളില്‍ നിന്ന് മൊബൈല്‍ ആപ്പില്‍ ഓര്‍ഡറുകള്‍ നല്‍കുന്നു. അവര്‍ രണ്ട് കിലോമീറ്റര്‍ പരിധിയിലാണെങ്കില്‍ അവര്‍ക്ക് നാല് കൂളര്‍-സൈസ് റോബോട്ട് ഓപ്ഷനുകളില്‍ ഒന്ന് തെരഞ്ഞെടുക്കാം. 

റോബോട്ടുകള്‍ ഡെലിവറി നടത്തുന്നതിലൂടെ റോഡുകളും തടസ്സങ്ങളും ഒഴിവാക്കാന്‍ സാധിക്കുന്നു. മനുഷ്യ-റോബോട്ട് ഇടപെടല്‍ നിരീക്ഷിക്കുന്നതിനായി റോബോട്ടുകള്‍ക്കൊപ്പം റോബോട്ട് ഗൈഡുകളുണ്ടെന്നും വിരാനി പറഞ്ഞു. 

അതേസമയം, ടൊറന്റോ പോലുള്ള ചില പ്രധാന നഗരങ്ങളില്‍ ഡെലിവറി റോബോട്ടുകള്‍ നിരോധിച്ചിട്ടുണ്ട്. ചലനശേഷി കുറഞ്ഞവര്‍ക്കും കാഴ്ചശക്തി കുറഞ്ഞവര്‍ക്കും പ്രായമായവര്‍ക്കും കുട്ടികള്‍ക്കും അപകടകരമാണെന്ന് വാദിക്കപ്പെട്ടതിനാലാണ് ഇത്. കൂടാതെ, റോബോട്ടുകള്‍ കൊറിയര്‍, ഡെലിവറി ജീവനക്കാരുടെ ജോലികള്‍ കവര്‍ന്നെടുക്കുമെന്നും നിരവധി പേര്‍ക്ക് ജോലി നഷ്ടപ്പെടുമെന്നും ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.