ഗര്‍ഭകാലത്തും മുലയൂട്ടുന്ന സമയങ്ങളിലും കോവിഡ്-19 വാക്‌സിന്‍ സുരക്ഷിതമാണെന്നും തങ്ങള്‍ ഇത് ശുപാര്‍ശ ചെയ്യുന്നുണ്ടെന്നും കാനഡയിലെ ഗൈനക്കോളജിസ്റ്റുകള്‍ പറയുന്നു. ആരോഗ്യമുള്ള കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും കോവിഡ് വാക്‌സിന്‍ ശുപാര്‍ശ ചെയ്യുന്ന രോഗപ്രതിരോധ ഷെഡ്യൂളില്‍ നിന്ന് നീക്കം ചെയ്തതായി വാക്‌സിന്‍ വിരുദ്ധ പ്രവര്‍ത്തകനായ യുഎസ് ആരോഗ്യ സെക്രട്ടറി റോബര്‍ട്ട് എഫ് കെന്നഡി ജൂനിയര്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് കാനഡയിലെ ഡോക്ടര്‍മാരുടെ പ്രതികരണം. സൊസൈറ്റി ഓഫ് ഒബ്‌സ്ട്രീഷ്യന്‍സ് ആന്‍ഡ് ഗൈനോക്കോളജിസ്റ്റ്‌സ് ഓഫ് കാനഡ കോവിഡ് വാക്‌സിന്‍ സുരക്ഷിതമാണെന്ന് ഉറപ്പ് നല്‍കി.
ഗര്‍ഭിണികളല്ലാത്ത സ്ത്രീകളെ അപേക്ഷിച്ച് കോവിഡ് ബാധിച്ച ഗര്‍ഭിണികള്‍ക്ക് രോഗം ഗുരുതരമാവുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കലും തീവ്രപരിചരണവും ആവശ്യമായി വരികയും ചെയ്യുന്നത് കൂടുതലാണെന്ന് എസ്ഒജിസി പറയുന്നു. കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നത് വൈറസുമായി ബന്ധപ്പെട്ട ഗുരുതരമായ സങ്കീര്‍ണതകളില്‍ നിന്ന് സംരക്ഷിക്കാന്‍ കഴിയുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
കാനഡയില്‍ കോവിഡ് വാക്‌സിനേഷനില്‍ ഗര്‍ഭിണികള്‍ മുന്‍ഗണന നല്‍കുന്നവരായി തുടരുന്നുവെന്നും കുത്തിവയ്പ്പ് കുഞ്ഞിന് വൈറസിനെതിരെ പ്രതിരോധ ശേഷി ആര്‍ജിക്കാനുള്ള കഴിവ് നല്‍കുന്നുണ്ടെന്നും എസ്ഒജിസിയെ പ്രതിനിധീകരിച്ച് സംസാരിച്ച ഡോ. ഡാരിന്‍ എല്‍-ചാര്‍ പറഞ്ഞു. അമേരിക്കയില്‍ ഗര്‍ഭിണികള്‍ക്ക് വാക്‌സിനേഷന്‍ നിര്‍ത്തലാക്കാനുള്ള കെന്നഡിയുടെ നീക്കം ഒരു മെഡിക്കല്‍ തെളിവുകളുടെയും അടിസ്ഥാനത്തിലല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.