കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ കാണാതായി. ഒന്റാരിയോയിലെ ഹംബര്‍ കോളേജില്‍ പഠനത്തിനായെത്തിയ ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ നിന്നുള്ള 23 വയസ്സുള്ള സാഹില്‍ കുമാറിനെയാണ് കാണാതായത്. കാനഡയിലെത്തി ദിവസങ്ങള്‍ക്കുള്ളിലാണ് സാഹിലിനെ കാണാതായത്.
മെയ് 16 ന് ഉച്ചയ്ക്ക് 12.50ന് ടൊറന്റോയിലെ യൂണിയന്‍ സ്‌റ്റേഷനിലാണ് സാഹില്‍ കുമാറിനെ അവസാനമായി കണ്ടതെന്ന് ഹാമില്‍ട്ടണ്‍ പോലീസ് പറയുന്നു. അന്ന് ഉച്ചയ്ക്ക് 1.30 ന് സാഹിലിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയതായും അധികൃതര്‍ അറിയിച്ചു. പാസ്‌പോര്‍ട്ടും ലാപ്‌ടോപ്പും സാഹിലിന്റെ ഹാമില്‍ട്ടണിലെ വീട്ടില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.
സാഹിലില്‍ കാനഡയില്‍ എത്തിയിട്ട് കുറച്ച് ദിവസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ. പരിചയമില്ലാത്തതിനാല്‍ വഴി തെറ്റിയിരിക്കാമെന്ന് പോലീസ് പറയുന്നു. മെട്രോലിങ്ക്‌സ്, ലോക്കല്‍ ഹോസ്പിറ്റല്‍, ടൊറന്റോ പോലീസ്, ഹംബര്‍ കോളേജ് എന്നിവരുമായി ചേര്‍ന്ന് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9055408549 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് ഹാമില്‍ട്ടണ്‍ പോലീസ് അഭ്യര്‍ത്ഥിച്ചു.