തീവ്രവാദവുമായും അക്രമാസക്തമായ ഓൺലൈൻ നെറ്റ്‌വർക്കുമായും ബന്ധമുണ്ടെന്ന് ആരോപിച്ച് എഡ്മണ്ടനിൽ പതിനഞ്ചു വയസ്സുകാരൻ അറസ്റ്റിൽ

By: 600110 On: May 30, 2025, 4:37 PM

തീവ്രവാദ പ്രവർത്തനവുമായും അക്രമാസക്തമായ ഓൺലൈൻ നെറ്റ്‌വർക്കുമായും ബന്ധമുണ്ടെന്ന് ആരോപിച്ച് എഡ്മണ്ടനിൽ പതിനഞ്ചു വയസ്സുകാരനെ പൊലീസ്  അറസ്റ്റ് ചെയ്തു.  മെയ് 12 ന്  ആണ് ആർസിഎംപിയുടെ ദേശീയ സുരക്ഷാ വിഭാഗം  കൗമാരക്കാരനെ അറസ്റ്റ് ചെയ്തത്.  അക്രമാസക്തമായ ഓൺലൈൻ നെറ്റ്‌വർക്കുമായി ബന്ധപ്പെട്ട തീവ്രവാദ കുറ്റകൃത്യങ്ങളിൽ യുവാവ് ഏർപ്പെടുമെന്ന് ഭയപ്പെട്ടിരുന്നതായി അധികൃതർ പറയുന്നു.

ഈ ഓൺലൈൻ ഗ്രൂപ്പിന് തീവ്രമായ പ്രത്യയശാസ്ത്ര വീക്ഷണങ്ങളുണ്ടെന്നും  ദുർബലരായ കുട്ടികളെ ലക്ഷ്യം വച്ചാണ് അവർ പ്രവർത്തിക്കുന്നത് എന്നും ആർ‌സി‌എം‌പി പറയുന്നു. അരാജകത്വം സൃഷ്ടിക്കാനും കഴിയുന്നത്ര കഷ്ടപ്പാടുകൾ സൃഷ്ടിക്കാനും ആഗ്രഹിക്കുന്ന ഒരു പ്രത്യയശാസ്ത്രമാണ് ഈ ഗ്രൂപ്പിൻ്റേത്. സമൂഹത്തിലെ ഏതെങ്കിലും പ്രശ്‌നമോ അനീതിയോ പരിഹരിക്കുകയല്ല അവരുടെ ലക്ഷ്യം. സമൂഹം കത്തുന്നത് കാണാൻ ആഗ്രഹിക്കുന്നു എന്നതാണ് അടിസ്ഥാന പ്രത്യയശാസ്ത്രം.ലൈംഗിക പ്രവൃത്തികൾ ചെയ്യാനും സ്വയം ഉപദ്രവിക്കാനും മൃഗങ്ങളെ പീഡിപ്പിക്കാനും യുവാക്കളെ പ്രേരിപ്പിക്കുകയാണ് ഈ ഗ്രൂപ്പുകൾ ചെയ്യുന്നതെന്നും ആർ‌സി‌എം‌പി മുന്നറിയിപ്പ് നല്കി. എഫ്‌ബി‌ഐ  ഈ ഗ്രൂപ്പിനെക്കുറിച്ച് സമഗ്രമായ  അന്വേഷണം നടത്തുന്നുണ്ട് .  കനേഡിയൻ നിയമപ്രകാരം അറസ്റ്റിലായ കൗമാരക്കാരൻ്റെ പേര് വെളിപ്പെടുത്തില്ല.  കുട്ടി റിമാൻഡിൽ തുടരുകയാണ്. ചൊവ്വാഴ്ച ജാമ്യാപേക്ഷ പരിഗണിക്കും.