G7 ഉച്ചകോടിക്ക് മുന്നോടിയായുള്ള സുരക്ഷ ശക്തമാക്കുകയാണ് കാനഡ. ഇതിൻ്റെ മുന്നൊരുക്കങ്ങൾ കാൽഗറിയിൽ കാണാം. സൈറണുകൾ മുഴക്കി ചീറിപ്പായുന്ന കാറുകൾ സുരക്ഷ ഒരുക്കങ്ങളുടെ ഭാഗമാണ്. പല പരീശീലനങ്ങളും ഇതിൻ്റെ ഭാഗമായി നടക്കുന്നുണ്ട്.
കാൽഗറി പോലീസ്, ആർസിഎംപി, ആൽബെർട്ട ഷെരീഫ്‌സ്, എഡ്മണ്ടൺ പോലീസ് എന്നിവരെല്ലാം ഒരുമിച്ച് പരിശീലനം നടത്തി ഏകോപിതമായ സുരക്ഷയാണ് ലോക നേതാക്കൾക്ക് ഒരുക്കുക. ഇതിൻ്റെ ഭാഗമായാണ് റോഡുകളിൽ നടക്കുന്ന പരിശീലനം. ഇതിനിടയിൽ ആളുകൾ കുടുങ്ങി പോവുകയോ, അസൗകര്യങ്ങൾ നേരിടുകയോ ചെയ്താൽ, ക്ഷമ കാണിക്കണമെന്നും സംയമനം പാലിക്കണമെന്നും പൊലീസ് നിർദ്ദേശിച്ചു. ഓരോ പരിശീലനത്തിലും മോട്ടോർ റേഡിലും 50-ലധികം പോലീസ് മോട്ടോർസൈക്കിളുകളും നാല്പതോളം കാറുകളും ഉണ്ടാകും. ഈ പരീശീലനത്തിൻ്റെ വീഡിയോ ചിത്രീകരിക്കരുതെന്നും പൊലീസ് പറയുന്നു. വാഹനങ്ങൾ നിർത്തി ഇത്തരം മോട്ടോർ പ്രകടനം ചിത്രീകരിക്കുന്നത് മറ്റ് അപകടങ്ങൾ ഉണ്ടാക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നല്കി. ജൂൺ 14 വരെയാണ് സേനകളുടെ പരിശീലനം. ജൂൺ 14 നും 18 നും ഇടയിൽ യഥാർത്ഥ G7 മോട്ടോർകെയ്ഡ് എസ്കോർട്ടുകൾ പുറത്തിറങ്ങുമെന്നും പൊലീസ് അറിയിച്ചു. രാവിലെ ആറിനും വൈകിട്ട് ആറിനും ഇടയിലാണ് സേനകളുടെ പരിശീലനങ്ങൾ. അടുത്ത ആഴ്ച കാൽഗറിക്ക് അപ്പുറം കോക്രെയ്ൻ, എയർഡ്രി, ഒകോടോക്സ് തുടങ്ങിയ സ്ഥലങ്ങളിലേക്കും കനനാസ്കിസ് വരെയും പരിശീലന റൂട്ടുകൾ വ്യാപിപ്പിക്കും.