വിമാനത്തിന്‍റെ വലിപ്പമുള്ള രണ്ട് ഛിന്നഗ്രഹങ്ങള്‍ ഇന്ന് ഭൂമിക്ക് അരികിലൂടെ കടന്നുപോകും; ഉരസിയാല്‍ പോലും അപകടം

By: 600007 On: May 30, 2025, 2:28 PM

 

 

കാലിഫോര്‍ണിയ: ബഹിരാകാശ ശാസ്ത്രജ്ഞരുടെ ഉറക്കംകെടുത്തി വിമാനത്തിന്‍റെ വലിപ്പമുള്ള രണ്ട് ഛിന്നഗ്രഹങ്ങള്‍ ഇന്ന് ഭൂമിക്കരികിലൂടെ കടന്നുപോകും. 2025 KH2, 2025 KR1 എന്നീ പേരുകളില്‍ അറിയപ്പെടുന്ന രണ്ട് ബഹിരാകാശ പാറക്കഷണങ്ങളും അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ നിരീക്ഷണത്തിലാണ്. നാസയ്ക്ക് കീഴിലുള്ള ജെറ്റ് പ്രൊപല്‍ഷ്യന്‍ ലബോററ്ററി (JPL) ഇരു ഛിന്നഗ്രഹങ്ങളെയും കുറിച്ച് മുന്നറിയിപ്പ് നല്‍കി. 

11 അടിയാണ് 2025 കെഎച്ച്2 ഛിന്നഗ്രഹത്തിന്‍റെ വലിപ്പം. ഭൂമിക്ക് ഏറ്റവും അടുത്തെത്തുമ്പോള്‍ പോലും 2025 KH2 ഏകദേശം 3,470,000 മൈല്‍ അകലത്തിലായിരിക്കും എന്നതിനാല്‍ ഭൂമിക്ക് പേടിക്കാനില്ല. മണിക്കൂറില്‍ 27,742 മൈല്‍ വേഗത്തിലാണ് കെഎച്ച്2 ഛിന്നഗ്രഹത്തിന്‍റെ സഞ്ചാരം. അതേസമയം, 130 അടിയാണ് 2025 KR1 ഛിന്നഗ്രഹത്തിന്‍റെ വലിപ്പം. ഇത് ഭൂമിക്ക് ഏറ്റവും അരികിലെത്തുമ്പോള്‍ ഛിന്നഗ്രഹവും ഭൂമിയും തമ്മിലുള്ള അകലം 3,560,000 മൈലായിരിക്കും. അതിനാല്‍ ഈ ഛിന്നഗ്രഹത്തെ കുറിച്ചും ഭയക്കേണ്ടതില്ല. എങ്കിലും കെഎച്ച്2-വിനെ അപേക്ഷിച്ചു കെആര്‍1ന് വേഗക്കൂടുതലുണ്ട്. മണിക്കൂറില്‍ 39,393 മൈല്‍ വേഗത്തിലാണ് ഇത് ബഹിരാകാശത്തുകൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.

ഇവയുടെ സഞ്ചാരപാതയിലെ നേരിയ മാറ്റം പോലും വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും എന്നതിനാല്‍ നാസ ഇരു ഛിന്നഗ്രഹങ്ങളെയും സൂക്ഷ്‌മമായി നിരീക്ഷിച്ചുവരികയാണ്.