മധുരം അമിതമായി അടങ്ങിയ ജ്യൂസുകൾ കുടിക്കുന്നത് ഈ രോ​​ഗത്തിനുള്ള സാധ്യത കൂട്ടുന്നു ; പഠനം

By: 600007 On: May 30, 2025, 2:23 PM

 

 

ജ്യൂസുകൾ കുടിക്കുന്നത് ആരോ​ഗ്യകരമാണെങ്കിലും ചില ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്നതായി പഠനങ്ങൾ പറയുന്നു. അമിതമായി മധുരം അടങ്ങിയ ജ്യൂസുകൾ ടൈപ്പ്-2 പ്രമേഹ സാധ്യത വർദ്ധിപ്പിക്കുമെന്ന് അടുത്തിടെ നടത്തിയ ഒരു പഠനം സൂചിപ്പിക്കുന്നു. ജ്യൂസുകൾ പോഷകസമൃദ്ധമാണെന്നതിൽ സംശയമില്ല. എന്നിരുന്നാലും, അവയിൽ നാരുകൾ കുറവാണ്. കൂടാതെ, അവയിൽ പ്രകൃതിദത്ത പഞ്ചസാരയും കൂടുതലാണെന്നും പഠനത്തിൽ പറയുന്നു.

ബ്രിഗാം യങ് യൂണിവേഴ്സിറ്റി (BYU) യിലെയും ജർമ്മൻ സ്ഥാപനങ്ങളിലെയും ഗവേഷകർ വിവിധ രാജ്യങ്ങളിലായി 500,000-ത്തിലധികം വ്യക്തികളിൽ നിന്നുള്ള ഡാറ്റ പരിശോധിച്ചു. ദിവസവും 230 മില്ലി ഫ്രൂട്ട് ജ്യൂസ് കുടിക്കുമ്പോൾ ടൈപ്പ്-2 പ്രമേഹം വരാനുള്ള സാധ്യത 5% വർദ്ധിക്കുന്നതായി കണ്ടെത്തലുകൾ വെളിപ്പെടുത്തി. സോഡ പോലുള്ള പഞ്ചസാര ചേർത്ത മധുരമുള്ള പാനീയങ്ങൾ 350 മില്ലി കുടിക്കുമ്പോൾ ടൈപ്പ്-2 പ്രമേഹ സാധ്യത 25 ശതമാനം വർദ്ധിക്കുന്നതായി കണ്ടെത്തി.

മറുവശത്ത്, പഴങ്ങളും പാലുൽപ്പന്നങ്ങളും വഴി കഴിക്കുന്ന പ്രകൃതിദത്ത പഞ്ചസാര പ്രമേഹ സാധ്യത കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.  പഴച്ചാറുകളിൽ ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയിട്ടുണ്ട്. 100% പഴച്ചാറിൽ പോലും പ്രകൃതിദത്ത പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുന്നതിന് കാരണമാകും.

അമിതമായി പഞ്ചസാര കഴിക്കുന്നത് പ്രമേഹ സാധ്യത വർദ്ധിപ്പിക്കുക മാത്രമല്ല, ശരീരഭാരം വർദ്ധിപ്പിക്കാനും കാരണമാകുന്നു. ഇത് നിരവധി വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത വർദ്ധിപ്പിക്കും. കൂടാതെ, പായ്ക്ക് ചെയ്ത പഴച്ചാറുകളിൽ പഞ്ചസാരയും പ്രിസർവേറ്റീവുകളും അടങ്ങിയിട്ടുണ്ട്.

പഴങ്ങളിലും പച്ചക്കറികളിലും നാരുകൾ ഒരു പ്രധാന ഘടകമാണ്. ഇത് ദഹനത്തെ സഹായിക്കുന്നു. കൂടുതൽ നേരം വയറു നിറഞ്ഞതായി നിലനിർത്തുന്നു. ജ്യൂസുകളിൽ നാരുകൾ കുറവും ഇത് പകൽ സമയത്ത് അമിതമായി ഭക്ഷണം കഴിക്കാനും ഇടയാക്കും.

ദ്രാവകരൂപത്തിലുള്ള പഞ്ചസാര രക്തപ്രവാഹത്തിലേക്ക് വേഗത്തിൽ കുതിച്ചുയരുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നതിനും കാരണമാവുകയും ചെയ്യുന്നു. ഇത് ഇൻസുലിൻ സംവേദനക്ഷമതയെ തടസ്സപ്പെടുത്തുന്നതിലൂടെ പ്രമേഹ സാധ്യത വർദ്ധിപ്പിക്കും.