അയാൾ ശരീരത്ത് നുള്ളി ബോഡിഷെയിമിങ് നടത്തി, മുറിയിൽ പൂട്ടിയിട്ടു, സെയിൽസ് ഗേളാക്കി; കണ്ണീരോടെ ഇന്ത്യൻ മോഡൽ

By: 600007 On: May 30, 2025, 2:09 PM

 

ദില്ലി: മിസ്സ് ഗ്രാന്‍ഡ് ഇന്‍റര്‍നാഷണല്‍ ടൈറ്റില്‍ 2024 നേട്ടം സ്വന്തമാക്കിയ ആദ്യ ഇന്ത്യക്കാരിയായ മോഡല്‍ റേയ്ച്ചല്‍ ഗുപ്ത കിരീടം ഉപേക്ഷിച്ചു. ജലന്ധറില്‍ നിന്നുള്ള മോഡലായ 21കാരിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ താന്‍ കിരീടം ഉപേക്ഷിച്ചതിനെ കുറിച്ചും അതിന്‍റെ കാരണവും കണ്ണീരോടെ പങ്കുവെച്ചു. സൗന്ദര്യ മത്സരത്തിന്‍റെ സംഘാടകര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളും റേയ്ച്ചല്‍ ഉന്നയിച്ചിട്ടുണ്ട്. അതേസമയം റേച്ചലിനെ ഔദ്യോഗികമായി പുറത്താക്കിയതാണെന്ന് സംഘാടകര്‍ അറിയിച്ചതോടെ സംഭവം വിവാദമായി. തായ്‌ലൻഡ് ആസ്ഥാനമായ സംഘടന നടത്തുന്ന രാജ്യാന്തര സൗന്ദര്യ മത്സരമാണ് മിസ് ഗ്രാൻഡ് ഇന്‍റര്‍നാഷണല്‍.

തകര്‍ക്കപ്പെട്ട വാഗ്ദാനങ്ങള്‍, മോശമായ പെരുമാറ്റം, ടോക്സിക് പരിസ്ഥിതി എന്നിവ മൂലമാണ് താന്‍ കിരീടം ഉപേക്ഷിക്കുന്നതെന്ന് റേച്ചല്‍ മേയ് 28ന് ഇന്‍സ്റ്റാഗ്രാമില്‍ അറിയിച്ചു. പിറ്റേന്ന് തന്നെ ഇതിന്‍റെ കാരണങ്ങള്‍ പറഞ്ഞുകൊണ്ട് ദീര്‍ഘമായ വീഡിയോയും ഇവര്‍ യൂട്യൂബില്‍ പങ്കുവെച്ചിട്ടുണ്ട്. 'മിസ്സ് ഗ്രാന്‍ഡ് ഇന്‍റര്‍നാഷണലിന്‍റെ യഥാര്‍ത്ഥ കഥ-എന്‍റെ കഥ' എന്ന ക്യാപ്ഷനാണ് വീഡിയോയ്ക്ക് ഇവര്‍ നല്‍കിയത്. 'താന്‍ ജീവിച്ചിരുന്നാലും മരിച്ചാലും സംഘാടകര്‍ക്ക് യാതൊരു പ്രശ്നവുമില്ലെന്നും പരിപാടികളില്‍ താന്‍ ചിരിക്കുകയും തന്‍റെ ശരീരം അവര്‍ ഇഷ്ടപ്പെടുന്ന രീതിയില്‍ മെലിയിച്ചാലും, താന്‍ മരിച്ചാലും ജീവിച്ചാലും അവര്‍ക്കൊന്നുമില്ല'- റേച്ചല്‍ പറയുന്നു.

താന്‍ ടിക് ടോക്ക് ലൈവ് പോയി അവര്‍ക്കായി പണം ഉണ്ടാക്കി നല്‍കുന്നതും അവരുടെ പരിപാടികളില്‍ പങ്കെടുക്കുന്നതും മാത്രമാണ് അവര്‍ക്ക് വേണ്ടത്. അവര്‍ ഒരിക്കലും എന്നെ പിന്തുണച്ചിരുന്നില്ലെന്നും വിലകുറഞ്ഞ ഉൽപ്പന്നങ്ങള്‍ ടിക്ക് ടോക്കില്‍ വില്‍ക്കാന്‍ 'സെയില്‍സ് ഗേള്‍സി'നെ പോലെ  മാറ്റിക്കൊണ്ടിരിക്കുകയാണെന്നും റേച്ചല്‍ ആരോപിക്കുന്നു. ബോഡിഷെയിമിങ് നടത്തിയെന്നും തന്‍റെ ശരീരത്തെ അവഹേളിക്കുന്ന രീതിയില്‍ പെരുമാറിയെന്നും അവര്‍ ആരോപിച്ചു. ഒരിക്കല്‍ അവരുടെ ഒരു പ്രതിനിധിയെ തന്‍റെ അടുത്തേക്ക് വിട്ടു, അയാള്‍ തന്‍റെ ശരീരത്തിന്‍റെ പല ഭാഗങ്ങളിലും നുള്ളി നോക്കി, നിങ്ങള്‍ ഭാരം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ആ പെരുമാറ്റം മോശമായിരുന്നെന്നും അവര്‍ പറയുന്നു. ജോലിയുടെ ഭാഗമായി ഫിറ്റ്നസ് നിലനിര്‍ത്തേണ്ടതും ശരീരത്തിന്‍റെ ആകൃതി സൂക്ഷിക്കേണ്ടതും അനിവാര്യമാണ്. എന്നാല്‍ ഇതിനായി ഭക്ഷണം തരാതെ ഒരു ദിവസം മുഴുവന്‍ തന്നെ മുറിയില്‍ പൂട്ടിയിട്ടെന്നും റേച്ചല്‍ ആരോപിച്ചു. ജിം, യോഗ തുടങ്ങിയവയ്ക്കുള്ള സൗകര്യം ആവശ്യപ്പെട്ടെങ്കിലും മുറിയിൽ പൂട്ടിയിട്ട് ഭക്ഷണം നിഷേധിക്കുകയാണു ചെയ്തതെന്ന് അവര്‍ ആരോപിക്കുന്നു. 

അതേസമയം മിഡ് ഗ്രാന്‍ഡ് ഇന്‍റന്‍നാഷണലും സോഷ്യൽ മീഡിയ വഴി ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. ഏല്‍പ്പിച്ച ജോലികള്‍ ചെയ്യുന്നതില്‍ റേച്ചല്‍ പരാജയപ്പെട്ടെന്നും സംഘടനയുടെ അനുമതിയില്ലാതെ മറ്റ് പ്രോജക്ടുകളില്‍ ഏര്‍പ്പെട്ടെന്നും ഗുട്ടമാലയിലേക്ക് ഷെഡ്യൂൾ ചെയ്ത യാത്രക്ക് വിസമ്മതിച്ചതായും സംഘാടകര്‍ പറയുന്നു. അതിനാല്‍ തന്നെ റേച്ചല്‍ മിസ്സ് ഗ്രാന്‍ഡ് ഇന്‍റര്‍നാഷണല്‍ 2024 ടൈറ്റിലിന് അര്‍ഹയല്ലെന്നും അവരെ പുറത്താക്കുന്നതായും സംഘടന അറിയിച്ചു. 30 ദിവസത്തിനുള്ളില്‍ റേച്ചല്‍ കിരീടം മിസ്സ് ഗ്രാന്‍ഡ് ഇന്‍റര്‍നാഷണല്‍ ഹെഡ് ഓഫീസില്‍ തിരിച്ച് നല്‍കണമെന്നും സംഘടന അറിയിച്ചു. ഈ തീരുമാനം തനിക്ക് ഏറെ ബുദ്ധിമുട്ടേറിയതാണെന്നും പക്ഷേ ഇപ്പോള്‍ ഇതാണ് തനിക്ക് ശരിയെന്നും റേച്ചല്‍ ഇന്‍സ്റ്റാഗ്രാമില്‍ അറിയിച്ചു.