Salmon(സാല്‍മണ്‍)-ആത്മബലിയുടെ അമ്മമുഖം-ജോയ്സ് വര്‍ഗീസ് ,കാനഡ

By: 600002 On: May 30, 2025, 11:58 AM



ജോയ്സ് വര്‍ഗീസ് ,കാനഡ


Salmon(സാല്‍മണ്‍) മത്സ്യങ്ങളുടെ ജീവിതചക്രം അത്യന്തം വിസ്മയാവഹമാണ്.  യൂറോപ്പിലും നോര്‍ത്ത് അമേരിക്കയിലും വ്യാപകമായി ഇവയെ കണ്ടുവരുന്നു. ഇതൊരു രുചികരമായ ഭക്ഷണമായി തീന്‍മേശ നിറയുന്നതിനാല്‍, വാണിജ്യാടിസ്ഥാനത്തില്‍, ഇതിന്റെ വിപണനം പ്രാധാന്യമര്‍ഹിക്കുന്നു. Trout എന്ന പേരിലും അറിയപ്പെടുന്നു.

ശുദ്ധജലത്തിലും കടല്‍ വെള്ളത്തിലും ജീവിച്ചാണ് ഇതിന്റെ ജീവിതചക്രം പൂര്‍ത്തിയാകുന്നത്. അതുകൊണ്ട് ഇവയെ anadromosu എന്ന് വിളിക്കുന്നു. 3000 മൈല്‍ കടലിലൂടെ നീന്തിയാണ് ഈ മല്‍സ്യം താന്‍ പിറന്ന ജലാശയത്തില്‍ തിരികെ എത്തിച്ചേരുന്നത്. ഇതില്‍ സഞ്ചാരത്തിന്റെ ഒരു ഭാഗം ഒഴുക്കിനെതിരെ നീന്തിയുമാണ് ഈ സാഹസികയാത്ര. ഇവയിലെ സ്പീഷിസ്സ് chinook, sockeye, chum, pink , coho എന്നിവയാണ്.

സാല്‍മന്‍ മത്സ്യം പ്രായപൂര്‍ത്തിയായി മുട്ടയിടാന്‍ തുടങ്ങാന്‍, ഓരോ തരം (species) അനുസരിച്ചു 2-8 വര്‍ഷങ്ങള്‍ എടുക്കും. ശുദ്ധജലതടാകങ്ങളിലും നദികളിലും ആണിവ മുട്ടയിടുന്നത്.

Spawning : മുട്ടയിടാന്‍ ഒരു ഉചിതമായ സ്ഥലം (spawning സൈറ്റ്) കണ്ടെത്തിയ മത്സ്യം,  അതിവേഗം  വാല്‍ ചലിപ്പിച്ച് ചരല്‍ മണലില്‍ ( gravel) ഒരു കുഴിയുണ്ടാക്കുന്നു. മുട്ടകള്‍  അതില്‍ നിക്ഷേപിച്ച് ആ കുഴിയടക്കുന്നു. ഇതിനെ റെഡ്ഡ്‌സ് (redds) എന്ന് പറയുന്നു. മുട്ട വിരിഞ്ഞു വരുന്നവ alevin എന്ന് വിളിക്കുന്ന, ഒരു നൂല്‍ രൂപവും, അതില്‍ ഒരു  മഞ്ഞക്കരു (egg yolk )മാണ്. ഇവ വളര്‍ന്നു, സ്വയം ഭക്ഷണം തേടി കഴിക്കാവുന്ന ഫ്രൈ (fry ) എന്ന അവസ്ഥയിലേക്ക് മാറുന്നു. ചില species, രണ്ടു വര്‍ഷത്തോളം ശുദ്ധജലത്തില്‍ കഴിയും. അതിനുശേഷം തന്റെ തട്ടകമായ കടലിലിലേക്ക് കുടിയേറും. ഇതിനായുള്ള ശാരീരികരൂപാന്തരണങ്ങള്‍ (physiological and morphological) നടക്കുന്നു.

നീണ്ട യാത്രക്കുശേഷം കടലില്‍ എത്തുന്ന മത്സ്യം, പായലും മറ്റു കടല്‍ ജീവികളെയും ആഹരിച്ചു വളരുന്നു. അവയുടെ ചെകിളയും (gills) വൃക്കയും കടല്‍ ജീവിതത്തിനു ഉതകുന്ന രീതിയില്‍ രൂപപ്പെടുന്നു. ഇതിനെ സ്മോള്‍ട്ടിഫിക്കേഷന്‍ (smoltification ) എന്ന് വിളിക്കും.

ആവശ്യത്തിന് പോക്ഷകങ്ങള്‍ ശരീരത്തില്‍ സംഭരിച്ച മല്‍സ്യം പ്രജനനത്തിനായി തിരിച്ചു ശുദ്ധജലം തേടി തിരിച്ചുള്ള പ്രയാണം ആരംഭിക്കുന്നു. ഏകദേശം മൂവായിരത്തോളം മൈല്‍ ഈ മത്സ്യം കടലിലൂടെ സഞ്ചരിക്കുന്നു. ഒഴിക്കിനെതിരെയുള്ള ഈ സഞ്ചാരം,' ദ ഗ്രേറ്റ് സാല്‍മന്‍ റണ്‍ ' എന്നറിയപ്പെടുന്നു. പാറക്കെട്ടുകള്‍ക്കിടയില്‍ തലയിടിച്ചു പ്രാണന്‍ പോകുന്ന അനവധി മത്സ്യങ്ങളെ കാണാം. ഇവയുടെ യാത്ര, കാനഡയില്‍, അനവധി പേരെ ആകര്‍ഷിക്കുന്ന കാഴ്ചയാണ്.

മാഗ്നറ്റിക് (magnetic ), സെലിസ്ത്യല്‍ (celestial ) ദിശാബോധം (orientation ) ഇവയെല്ലാം ചേര്‍ന്നാണ് സഞ്ചാരവും ലക്ഷ്യവും വിജയകരമാക്കുന്നത്.  ഇണയെ ആകര്‍ഷിക്കാനുള്ള രൂപമാറ്റങ്ങളും ഇതിനിടയില്‍ സംഭവിക്കുന്നു(Parr). മണം തിരിച്ചറിയാനുള്ള കഴിവ് ഇവയെ ലക്ഷ്യസ്ഥാനത്ത് എത്തിക്കും. 2500 ഗ്യാലന്‍ (gallon) കടല്‍ വെള്ളത്തില്‍ ഒരു തുള്ളി ശുദ്ധജലം കലര്‍ത്തിയാല്‍ പോലും, മണം തിരിച്ചറിയാവുന്ന കഴിവുണ്ടത്രേ.

ഒരു മത്സ്യം പതിനേഴായിരം മുട്ടകളിടുമെങ്കിലും  അതില്‍ 85% നശിച്ചുപോകും. മുട്ട വിരിഞ്ഞു വരുന്നവയില്‍ വലിയൊരു ഭാഗം മറ്റു ജീവികള്‍ ഭക്ഷണമാക്കും. വളരെ ചെറിയ എണ്ണം മാത്രമെ വളര്‍ച്ച പ്രാപിക്കൂ. 3-5 എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മത്സ്യത്തേയും ഇവയുടെ മുട്ടയും തേടി ജലാശയമുഖത്തിരിക്കുന്ന കടല്‍കാക്കകളും കഴുകനും ഇവയെ വേട്ടയാടുന്നു.

Egg, Alevin, Fry, Parr, Smolt, Adult എന്ന ആറ് അവസ്ഥകള്‍ പിന്നിട്ട ആ അമ്മ മത്സ്യത്തിന്റെ ജീവിതം അവിടെ അവസാനിക്കുന്നു. മുട്ടയിടലിനുശേഷം ശരീരത്തിലുള്ള പോക്ഷകങ്ങള്‍ ഭാവിതലമുറക്ക് ദാനം ചെയ്തു ജീവന്‍  വെടിയുന്നു. കടലില്‍ നിന്ന് സംഭരിച്ച പോക്ഷകങ്ങള്‍ ശുദ്ധജലത്തിലേക്കു കൈമാറാന്‍ ഒരു നിമിത്തമാകുകയാണിവ. അത് ഭക്ഷണമാക്കി അടുത്ത തലമുറ വളരുന്നു.

മാതൃത്വത്തിന്റെ ആത്മബലിയെ 'ദി ഗ്രേറ്റ് ന്യൂട്രിയന്റ് സൈക്കിള്‍,  (The great nutrient cycle ) എന്ന് ശാസ്ത്രലോകം ഓമനപ്പേരിട്ടു വിളിക്കുമ്പോള്‍, മക്കള്‍ക്ക് വേണ്ടി മാത്രം ജീവിക്കുന്ന അമ്മമാരുടെ മുഖം കാഴ്ചയില്‍ തെളിയുന്നു.