കഴിഞ്ഞ ഡിസംബര്‍ മുതല്‍ കാണാതായ 40 വയസ്സുള്ള ഇന്ത്യന്‍ വംശജയായ ശാലിനി സിംഗിനായുള്ള തിരച്ചിലിനിടെ മാലിന്യക്കൂമ്പാരത്തില്‍ നിന്നും മനുഷ്യന്റെ ശരീരഭാഗങ്ങള്‍ കണ്ടെത്തിയതായി ഹാമില്‍ട്ടണ്‍ പോലീസ് സര്‍വീസ് ഹോമിസൈഡ് യൂണിറ്റ് അറിയിച്ചു. ഫെബ്രുവരി 24 മുതല്‍ ഹാല്‍ഡിബ്രൂക്ക് റോഡിലെ ഗ്ലാന്‍ബ്രൂക്ക് ലാന്‍ഡ്ഫില്ലില്‍ ശാലിനി സിംഗിനായി ഹോമിസൈഡ് ഡിറ്റക്ടീവുകള്‍ വ്യാപകമായ തിരച്ചില്‍ നടത്തിവരികയാണ്. ഏപ്രില്‍ 18 ന് തിരച്ചില്‍ അവസാനിപ്പിക്കാന്‍ ആദ്യം ഉദ്ദേശിച്ചിരുന്നുവെങ്കിലും രണ്ടാഴ്ചത്തേക്ക് കൂടി തിരച്ചില്‍ നീട്ടുകയായിരുന്നു.
മെയ് 21ന് നടത്തിയ പരിശോധനയില്‍ മാലിന്യക്കൂമ്പാരമുള്ള സ്ഥലത്ത് നിന്നും ഭാഗികമായ മനുഷ്യാവശിഷ്ടങ്ങള്‍ കണ്ടെടുത്തതായി പോലീസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ശരീരഭാഗങ്ങള്‍ ശാലിനി സിംഗിന്റേതാണോയെന്ന് സ്ഥിരീകരിക്കാനായി ഡിഎന്‍എ പരിശോധനകള്‍ക്ക് അയച്ചിരിക്കുകയാണ്. ഈ ഫലത്തിനായി കാത്തിരിക്കുകയാണെന്നും ഇതിന് ആഴ്ചകളെടുത്തേക്കാമെന്നും പോലീസ് പറഞ്ഞു. പോലീസ് തിരച്ചില്‍ നടത്തിയിരുന്ന 5,000 ക്യുബിക് മീറ്റര്‍ ലക്ഷ്യ മേഖലയില്‍ നിന്നാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
2024 ഡിസംബര്‍ 10 നാണ് സിംഗിനെ കാണാതായതായി പോലീസിന് വിവരം ലഭിച്ചത്. ഹെല്‍ത്ത് കെയര്‍ വര്‍ക്കറായ ശാലിനി സിംഗ് അവസാനമായി കുടുംബവുമായി സംസാരിച്ചത് 2024 ഡിസംബര്‍ 4 നാണ്. ഡിസംബര്‍ 2 നാണ് അവസാനമായി അപ്പാര്‍ട്ട്‌മെന്റില്‍ യുവതി അവസാനമായി പ്രവേശിക്കുന്നത് കണ്ടത്. ശാലിനി സിംഗിനൊപ്പം കാമുകനും താമസിച്ചിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തെങ്കിലും ഇയാള്‍ അന്വേഷണത്തോട് സഹകരിച്ചില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ശാലിനി സിംഗിനെ കണ്ടെത്താന്‍ സഹായിക്കുന്ന ഒരു വിവരവും ഇതുവരെ ഇയാള്‍ നല്‍കിയിട്ടില്ലെന്നും അധികൃതര്‍ പറയുന്നു.
ശാലിനി സിംഗിന്റെ തിരോധനവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഡിറ്റക്ടീവ് ആദം ബാഗ്ലിയേരിയെ 905-546-3859 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.