പതിറ്റാണ്ടുകള്‍ക്ക് ശേഷം ആദ്യമായി പ്രവിശ്യയിലെ പാര്‍ലമെന്റ് അംഗങ്ങള്‍ക്ക്(എംപിപി) ഗണ്യമായ ശമ്പള വര്‍ധന ലഭ്യമാക്കുമെന്ന് ഒന്റാരിയോ സര്‍ക്കാരിന്റെ പ്രഖ്യാപനം. പതിനാറ് വര്‍ഷത്തെ ശമ്പള മരവിപ്പ് അവസാനിപ്പിച്ച് ഒന്റാരിയോ എംപിപിമാര്‍ക്ക് 35 ശതമാനം ശമ്പള വര്‍ധന നല്‍കാനാണ് ഡഗ് ഫോര്‍ഡ് സര്‍ക്കാരിന്റെ തീരുമാനം. കൂടാതെ, പ്രവിശ്യയിലെ രാഷ്ട്രീയക്കാരുടെ പെന്‍ഷന്‍ പദ്ധതിയിലും മാറ്റം വരുത്തും.
ധനമന്ത്രി പീറ്റര്‍ ബെത്‌ലെന്‍ഫാല്‍വി വ്യാഴാഴ്ച എംപിപിമാരുടെ ശമ്പള വര്‍ധന ലഭ്യമാക്കുന്നതിനുള്ള നിയമനിര്‍മാണം അവതരിപ്പിച്ചു. എംപിപിയുടെ അടിസ്ഥാന ശമ്പളം എംപിയുടെ വരുമാനത്തിന്റെ 75 ശതമാനമായി നിലനിര്‍ത്തുക എന്നതാണ് നിയമനിര്‍മാണത്തിന്റെ ലക്ഷ്യം. നിലവില്‍ നിയമസഭാ നിയമപ്രകാരം ഒരു എംപിപിക്ക് പ്രതിവര്‍ഷം 116,550 ഡോളര്‍ ശമ്പളം ലഭിച്ചിരുന്നു. എന്നാല്‍ പുതിയ നിയമനിര്‍മാണ പ്രകാരം, എംപിപിമാര്‍ക്ക് 157,350 ഡോളര്‍ അടിസ്ഥാന ശമ്പളം ലഭിക്കും.