കാനഡയിലുടനീളം ഫെഡറല്‍ സര്‍ക്കാരും സിറ്റികളും ഭവന വിതരണം വിപുലീകരിക്കുന്നതില്‍ പുരോഗതി കൈവരിച്ചുകൊണ്ടിരിക്കുമ്പോള്‍ പ്രവിശ്യകള്‍ പിന്നോട്ടേക്ക് പോവുകയാണെന്ന് റിപ്പോര്‍ട്ട്. ഗുണനിലവാരമുള്ള വീടുകള്‍ നിര്‍മിക്കുന്നത് പ്രവിശ്യകള്‍ ഗൗരവമായി കാണേണ്ടതുണ്ടെന്ന് ക്ലീന്‍ ഇക്കണോമി ഫണ്ടിന്റെ പിന്തുണയോടെ രൂപീകരിച്ച സര്‍ക്കാരിതര സ്ഥാപനമായ ടാസ്‌ക് ഫോഴ്‌സ് ഫോര്‍ ഹൗസിംഗ് ആന്‍ഡ് ക്ലൈമറ്റ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടില്‍ ഓരോ പ്രവിശ്യയ്ക്കും സ്‌കോറും നല്‍കിയിരുന്നു. ഇതില്‍ C+ നേക്കാള്‍ ഉയര്‍ന്ന ഗ്രേഡ് ഒരു പ്രവിശ്യയും നേടിയില്ല.
വേഗത്തിലും സുസ്ഥിരമായും വീടുകള്‍ നിര്‍മ്മിക്കുന്നതിനുള്ള നയങ്ങളെ അടിസ്ഥാനമാക്കിയാണ് ടാസ്‌ക് ഫോഴ്‌സിന്റെ റിപ്പോര്‍ട്ട് കാര്‍ഡ് സര്‍ക്കാരുകളെ വിലയിരുത്തിയത്. ഫെഡറല്‍ സര്‍ക്കാരിന് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ഗ്രേഡായ ബി നല്‍കി. ആല്‍ബെര്‍ട്ട D+ നേടി പട്ടികയില്‍ ഏറ്റവും താഴെയായി. ബാക്കിയുള്ള പ്രവിശ്യകളുടെ സ്‌കോര്‍ C റേഞ്ചിലായിരുന്നു.
നിലവില്‍ വീടുകള്‍ നിര്‍മിക്കാന്‍ ഒരു സര്‍ക്കാരും വേണ്ടത്ര നടപടികള്‍ ചെയ്യുന്നില്ലെന്ന് റിപ്പോര്‍ട്ടിനൊപ്പം പുറത്തിറക്കിയ പ്രസ്താവനയില്‍ ഫെഡറല്‍ കണ്‍സര്‍വേറ്റീവ് മുന്‍ ഡപ്യൂട്ടി ലീഡര്‍ ലിസ് റൈറ്റ് പറയുന്നു. ഫാക്ടറി ബില്‍റ്റ് ഹൗസിംഗ് പ്രോത്സാഹിപ്പിക്കുക, മാര്‍ക്കറ്റ് ഗ്യാപ് നികത്തുക, ജനസാന്ദ്രത വര്‍ധിപ്പിക്കുക, ഉയര്‍ന്ന അപകടസാധ്യതയുള്ള പ്രദേശങ്ങള്‍ മാപ്പ് ചെയ്യുക, ബില്‍ഡിംഗ് കോഡുകള്‍ അപ്‌ഡേറ്റ് ചെയ്യുക എന്നിവയ്ക്കുള്ള സര്‍ക്കാര്‍ നയങ്ങളുടെ വിലയിരുത്തലുകളെ അടിസ്ഥാനമാക്കിയാണ് ടാസ്‌ക് ഫോഴ്‌സ് റിപ്പോര്‍ട്ട് കാര്‍ഡ് തയാറാക്കിയിരിക്കുന്നത്. ബ്രിട്ടീഷ് കൊളംബിയ, ക്യുബെക്ക്, പ്രിന്‍സ് അഡ്വേര്‍ഡ് ഐലന്‍ഡ് എന്നിവയ്ക്ക് C+ സ്‌കോറാണ് റിപ്പോര്‍ട്ടില്‍ നല്‍കിയിരിക്കുന്നത്. മറ്റ് പ്രവിശ്യകള്‍ക്ക് ലഭിച്ച സ്‌കോറിനേക്കാള്‍ ഉയര്‍ന്നതാണിത്.