ദില്ലി:കളിക്കളത്തിലെ മോശം പെരുമാറ്റത്തിന്‍റെ പേരില്‍ ദിഗ്‌വേഷ് റാത്തിയെ വിലക്കിയ ബിസിസിഐ ഒരിക്കല്‍ പോലും എം എസ് ധോണിയെയോ വിരാട് കോലിയെയോ വിലക്കിയിട്ടില്ലെന്ന് മുന്‍ ഇന്ത്യൻ താരം വീരേന്ദര്‍ സെവാഗ്. കളിക്കാരോടുള്ള ബിസിസിഐയുടെ ഇരട്ടത്താപ്പിന് തെളിവാണിതെന്നും സെവാഗ് ക്രിക് ബസിലെ ചര്‍ച്ചയില്‍ പറഞ്ഞു.
സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ അഭിഷേക് ശര്‍മയെ പുറത്താക്കിയശേഷം നോട്ട് ബുക്ക് സെലിബ്രേഷൻ നടത്തുകയും അഭിഷേകുമായി കൊമ്പുകോര്‍ക്കുകയും ചെയ്തതിനാണ് ബിസിസിഐ ദിഗ്‌വേഷിനെ ഒരു കളിയില്‍ നിന്ന് വിലക്കിയത്. അഭിഷേകിന് പിഴയും ഡി മെരിറ്റ് പോയന്‍റും ചുമത്തുകയും ചെയ്തിരുന്നു. ആദ്യ സീസണ്‍ കളിക്കുന്ന ദിഗ്‌വേഷിനെ പോലൊരു താരത്തെ അച്ചടക്കത്തിന്‍റെ പേരില്‍ വിലക്കിയ ബിസിസിഐ നടപടി കടുത്തതായി പോയെന്നും ഇതിന് മുമ്പ് കളിക്കിടെ അമ്പയറുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ധോണി ഗ്രൗണ്ടിലേക്ക് ധോണി അനുമതിയില്ലാതെ കയറിയപ്പോഴോ അമ്പയര്‍മാരോട് കോലി മോശമായി പെരുമാറിയപ്പോഴോ നടപടിയെടുക്കാന്‍ ബിസിസിഐ തയാറായിട്ടില്ലെന്നും സെവാഗ് ചൂണ്ടിക്കാട്ടി. അമ്പയറുമായി തര്‍ക്കിച്ചതിന് വിലക്കുകയാണെങ്കില്‍ കോലിയെ എത്രതവണ വിലക്കണമെന്നും യുവതാരമായ ദിഗ്‌വേഷ് ചെയ്തത് പൊറുക്കാനാവാത്ത തെറ്റൊന്നുമല്ലെന്നും സെവാഗ് പറഞ്ഞു.
2019ല്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിനിടെ ചെന്നൈ ടീം ബാറ്റുചെയ്യുമ്പോഴാണ് നോ ബോള്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് ധോണി ഡഗ് ഔട്ടില്‍ നിന്ന് ഗ്രൗണ്ടിലേക്ക് ഇറങ്ങിയത്. എന്നാല്‍ ഐപിഎല്ലിലെ നോട്ട് ബുക്ക് സെലിബ്രേഷന്‍റെ പേരില്‍ മൂന്ന് തവണയില്‍ കൂടുതല്‍ പിഴ ശിക്ഷയും ഡിമെരിറ്റ് പോയന്‍റും ലഭിച്ചതോടെയാണ് ദിഗ്‌വേഷിന് വിലക്ക് വന്നത് എന്നതാണ് വസ്തുത. അതേസമയം കോലിക്കും ധോണിക്കും പിഴശിക്ഷയും ഡി മെരിറ്റ് പോയന്‍റും ലഭിച്ചിട്ടുണ്ടെങ്കിലും ഇത് ഒരിക്കല്‍ പോലും പരിധിവിട്ടിരുന്നില്ലെന്നും ക്രിക്കറ്റ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.