പ്രതിമാസം 60 കോടി! ഇന്ത്യന്‍ ടെലിവിഷനില്‍ ഏറ്റവും പ്രതിഫലം വാങ്ങുന്ന താരം

By: 600007 On: May 29, 2025, 1:58 PM

 

 

സിനിമ പോലെ തന്നെ വലിയ വ്യവസായമാണ് എന്‍റര്‍ടെയ്ന്‍‍മെന്‍റ് ടെലിവിഷനും. പ്രൊഡക്ഷനിലും പ്രസന്‍റേഷനിലുമൊക്കെ എപ്പോഴും ദിനംപ്രതി കാലികപ്രസക്തമായി നില്‍ക്കുക എന്നതാണ് ഈ മേഖല നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഏറ്റവും റേറ്റിംഗ് ഉള്ള ചില ടെലിവിഷന്‍ ഷോകളിലും മറ്റും തൂരമൂല്യമുള്ള അവതാരകര്‍ വാങ്ങുന്ന പ്രതിഫലം നമ്മെ ‌ഞെട്ടിക്കും. ചിലപ്പോഴൊക്കെ സിനിമയെയും മറികടക്കും ആ കണക്കുകള്‍. ഇന്ത്യന്‍ ടെലിവിഷനിലെ ഏറ്റവും വലിയ പ്രതിഫലം പ്രതിമാസം 60 കോടി എന്നതാണ്! 

ഇന്ത്യന്‍ ടെലിവിഷന്‍ രംഗത്തെ ഏറ്റവും ജനപ്രിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസിന്‍റെ ഹിന്ദി പതിപ്പിന്‍റെ അവതാരകനായ സല്‍മാന്‍ ഖാന്‍ അവസാന സീസണില്‍ (സീസണ്‍ 18) വാങ്ങിയ പ്രതിഫലമാണ് ഇത്. കളേഴ്സ് ടിവിയിലും ജിയോ സിനിമയിലുമായി 2024 ഒക്ടോബര്‍ 6 മുതല്‍ 2025 ജനുവരി 19 വരെ നടന്ന സീസണ്‍ ആണ് ഇത്. 15 ആഴ്ചകള്‍ നീണ്ട ബിഗ് ബോസ് സീസണില്‍ നിന്ന് 250 കോടിയോളമാണ് സല്‍മാന്‍ ഖാന് ലഭിച്ചത്. 

ഒരു വര്‍ഷത്തില്‍ അധികമായി ഹിന്ദി ബിഗ് ബോസിന്‍റെ മുഖമാണ് സല്‍മാന്‍ ഖാന്‍. അര്‍ഷാദ് വര്‍സിയും ശില്‍പ ഷെട്ടിയും അമിതാഭ് ബച്ചനും ഒക്കെയായിരുന്നു ഷോയുടെ ആദ്യ സീസണുകളില്‍ അവതാരകരെങ്കില്‍ സല്‍മാന്‍ ഖാന്‍ ആ സ്ഥാനത്തേക്ക് വന്നതോടെ റേറ്റിംഗ് കുതിച്ചുയര്‍ന്നു. ബിഗ് ബോസ് ഒടിടിയില്‍ കരണ്‍ ജോഹര്‍ അവതാരകനായി വന്നപ്പോഴും ജനപ്രീതിയില്‍ ഇടിവ് ഉണ്ടായിരുന്നു. ആരോഗ്യപരമായ കാരണങ്ങളാലോ സിനിമാ തിരക്കുകളാലോ സല്‍മാന്‍ ഖാന്‍ അവതാരക സ്ഥാനത്തുനിന്ന് മാറിനിന്ന എപ്പിസോഡുകളിലും റേറ്റിംഗിലെ ഇടിവ് സംഭവിച്ചിട്ടുണ്ട്. 

15 വര്‍ഷം മുന്‍പ് ബിഗ് ബോസിലേക്ക് വരുന്ന സമയത്ത് സല്‍മാന്‍ ഖാന്‍ ഒരു ചിത്രത്തിന് വാങ്ങിയിരുന്ന പ്രതിഫലം 5- 10 കോടി ആയിരുന്നു. നിലവില്‍ ഒരു ചിത്രത്തിന് അദ്ദേഹം 150 കോടി വാങ്ങുന്നുണ്ട്. 

സല്‍മാന്‍ ഖാന്‍ കഴിഞ്ഞാല്‍ ഇന്ത്യന്‍ ടെലിവിഷനില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്നത് കപില്‍ ശര്‍മ്മയും രുപാലി ഗാംഗുലിയും ഒക്കെയാണ്. ദി ഗ്രേറ്റ് ഇന്ത്യന്‍ കപില്‍ ഷോയുടെ ആദ്യ സീസണില്‍ കപില്‍ ശര്‍മ്മ വാങ്ങിയത് 60 കോടി ആയിരുന്നു. അനുപമ എന്ന ഹിറ്റ് പരമ്പരയിലെ അഭിനയത്തിന് നടി രുപാലി ഗാംഗുലി വാങ്ങുന്നത് എപ്പിസോഡ് ഒന്നിന് 3 ലക്ഷം രൂപയാണ്.