ഇലക്ട്രോണിക് ടൂത്ത്ബ്രഷിലെ ഡാറ്റ ഉപയോഗിച്ച് ഭ‍ർത്താവിന്‍റെ അവിഹിതം കൈയോടെ പിടികൂടി ഭാര്യ

By: 600007 On: May 29, 2025, 1:52 PM

 

 

 

സാങ്കേതിക വിദ്യയിലെ മുന്നേറ്റം മനുഷ്യരുടെ ജോലി നഷ്ടപ്പെടുത്താന്‍ ഇടയാക്കുമെന്ന പരാതി കാലങ്ങളായി ഉള്ളതാണ്. എന്നാല്‍, പുതിയ കണ്ടുപിടിത്തങ്ങൾ കുടുംബ ബന്ധങ്ങളിലെ ചില രഹസ്യ ഏടുകൾ വെളിപ്പെടുത്താനും ഉപകരിക്കുമെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകൾ സൂചിപ്പിക്കുന്നത്. യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ അന്വേഷണ ഏജന്‍സിയായ എആർഎഫ് ഇൻവെസ്റിഗേറ്റേഴ്‌സ് എന്ന സ്ഥാപനത്തിലെ പോൾ ജോൺസാണ് ഒരു ടൂത്ത്ബ്രഷിലൂടെ ഭർത്താവിന്‍റെ അവിഹിത ബന്ധം ഭാര്യ പുറത്തുകൊണ്ടുവന്നത് എങ്ങനെയെന്ന് മാധ്യമങ്ങളോട് പങ്കുവച്ചത്. 

പലപ്പോഴും കുടുംബത്തിലെ അവിഹിത ബന്ധങ്ങൾ പങ്കാളികൾ കണ്ടെത്തുന്നത്,  ചില കാര്യങ്ങളില്‍ പങ്കാളികൾക്ക് അതുവരെ ഇല്ലാതിരുന്നതും എന്നാല്‍ പെട്ടെന്ന് ഉണ്ടാകുന്ന അസാധാരണമായ ശ്രദ്ധയെ തിരിച്ചറിയുന്നതിലൂടെയാകും. അതായത്. ജോലി സ്ഥലത്ത് സാധാരണയില്‍ കൂടുതല്‍ സമയം ചെലവഴിക്കുക. പുതിയ ഹോബികൾ ആരംഭിക്കുക, സ്വന്തം ലുക്കില്‍ അമിതമായി ശ്രദ്ധിക്കുക തുടങ്ങിയ കാര്യങ്ങളിൽ പങ്കാളികൾ കാണിക്കുന്ന അമിത താത്പര്യം തിരിച്ചറിയുന്നതിലൂടെയാകും. എന്നാല്‍ ഈ കേസില്‍ ഭാര്യ. ഭര്‍ത്താവിന്‍റെ അവിഹിതം കണ്ടെത്തിയത് അദ്ദേഹം ഉപയോഗിച്ച ഇലക്ട്രോണിക് ടൂത്ത് ബ്രഷിലെ ഡാറ്റ ശ്രദ്ധിച്ചതോടെയാണ്. 

ഭ‍ർത്താവും കുട്ടികളും ഇലക്ട്രിക് ടൂത്ത് ബ്രഷ് ഉപയോഗിച്ചാണ് പല്ലു തേച്ചിരുന്നത്. കുട്ടികളെ പല്ലുതേപ്പിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി ഇലക്ട്രിക് ടൂത്ത് ബ്രഷ് വാങ്ങിയപ്പോൾ ഭാര്യ ഒരെണ്ണം ഭര്‍ത്താവിനും സമ്മാനിക്കുകയായിരുന്നു. ഈ ഇലക്ട്രോണിക് ടൂത്ത് ബ്രഷുകള്‍ ഭാര്യയുടെ സ്മാര്‍ട്ട് ഫോണുമായാണ് കണക്റ്റ് ചെയ്തിരുന്നത്. സ്വാഭാവികമായും ഭര്‍ത്താവ് നേരം കെട്ട നേരത്ത് പല്ലുതേക്കുന്നത് ഭാര്യയുടെ ശ്രദ്ധയില്‍പ്പെട്ടു. പ്രത്യേകിച്ചും ജോലി സമയങ്ങളിലെ അസാധാരണ പല്ലു തേപ്പ് ഭാര്യയ്ക്ക് ശ്രദ്ധിക്കാതിരിക്കാനായില്ല.

ആദ്യം ഈ അസാധാരണ വൃത്തി ഭാര്യയ്ക്ക് മനസിലായില്ലെങ്കിലും ഡിവൈസിലെ ഡാറ്റ പരിശോധിച്ചതിലൂടെ ചില പ്രത്യേക ദിവസങ്ങളിലും സമയങ്ങളിലും ഭര്‍ത്താവിന് പല്ലിലുള്ള ശ്രദ്ധ കൂടുതലാണെന്ന് ഭാര്യയ്ക്ക് മനസിലായി. വെള്ളിയാഴ്ചകളിൽ ഓഫീസ് സമയത്തായിരുന്നു ഭര്‍ത്താവിന്‍റെ പല്ല് തേപ്പ്. ഒമ്പത് മണിക്ക് ഓഫീസിലെത്തേണ്ട ഭര്‍ത്താവ് എല്ലാ വെള്ളിയാഴ്ചയും ഏതാണ്ട് 10.45 ഓടെ പല്ല് തേക്കുന്നുണ്ടെന്നായിരുന്നു ഇലക്ട്രിക്ക് ടൂത്ത് ബ്രഷിലെ ഡാറ്റ.   ആദ്യമൊക്കെ ഡാറ്റ തെറ്റാണെന്ന് ഭാര്യ കരുതി. ഓഫീസിലുള്ള ഭര്‍ത്താവ് ആ സമയത്ത് പല്ല് തേക്കാനുള്ള സാധ്യതയെ കുറിച്ച് ഭാര്യ ചിന്തിച്ചു. അദ്ദേഹം ഓഫീസിലേക്ക് ബ്രഷ് കൊണ്ടു പോകാറില്ലെന്ന് അവര്‍ക്ക് അറിയാമായിരുന്നു. 

എന്നാല്‍, പിന്നീട് നടത്തിയ അന്വേഷണത്തില്‍ എല്ലാ വെള്ളിയാഴ്ചയും അവധിയെടുത്ത ഭര്‍ത്താവ് ഭാര്യയും മക്കളും വീട്ടിലില്ലാത്ത സമയത്ത്, കൂടെ ജോലി ചെയ്തിരുന്ന ഒരു സ്ത്രീയെ വീട്ടിലേക്ക് വിളിച്ച് വരുത്തിയിരുന്നു. ഇരുവരും തമ്മിലുള്ള അവിഹിത ബന്ധം ഭാര്യ കണ്ടെത്തിയത് ഇലക്ട്രിക് ടൂത്ത് ബ്രഷിലെ ഡാറ്റയിലൂടെ ആണെന്നത് തങ്ങൾക്കും അത്ഭുതമായിരുന്നെന്ന് പോൾ ജോൺസ് പറഞ്ഞതായി ദി മിറര്‍ യുകെ റിപ്പോര്‍ട്ട് ചെയ്യുന്നു.