കാനഡയിൽ പത്ത് ലക്ഷം വിദേശ വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാനുള്ള ലിബറൽ സർക്കാരിൻ്റെ തീരുമാനം കനേഡിയൻ പൌരന്മാർക്ക് തിരിച്ചടി ആയെന്ന് ബാങ്ക് ഓഫ് കാനഡയുടെ ഗവേഷണ റിപ്പോർട്ട്. ചില തൊഴിൽ മേഖലകളിൽ ഇത് വലിയ സ്വാധീനം ചെലുത്തിയെന്നും കാനഡക്കാർക്ക് ജോലിയും വേതനവും നഷ്ടപ്പെടുത്തിയെന്നും ബാങ്ക് ഓഫ് കാനഡയുടെ ഗവേഷണത്തിൽ പറയുന്നു.
ബ്ലാക്ക്‌ലോക്ക് റിപ്പോർട്ടർ പറയുന്നതനുസരിച്ച്, വിദേശികൾ കനേഡിയൻ പൌരന്മാരുടെ തൊഴിൽ നഷ്ടപ്പെടുന്നുതിന് ഇടയാക്കി. കുറഞ്ഞ വൈദഗ്ധ്യമുള്ള തൊഴിലുകളിലെ വലിയൊരു പങ്ക് കനേഡിയക്കാർക്കുള്ളതായിരുന്നു. ഈ ജോലികൾക്ക് കൂടുതൽ വിദേശികളെ നിയോഗിച്ചതോടെ കനേഡിയൻ പൌരന്മാർക്ക് തൊഴിൽ നഷ്ടപ്പെട്ടു. ഇമിഗ്രേഷൻ വകുപ്പിന്റെ കണക്കനുസരിച്ച് 2023 ൽ കാനഡയിൽ 2.3 ദശലക്ഷം വിദേശികൾ ഉണ്ടായിരുന്നു. ഇതിൽ 1,040,985 വിദേശ വിദ്യാർത്ഥികളും, 766,250 കുടിയേറ്റ തൊഴിലാളികളും, 471,550 കുടിയേറ്റക്കാർ എന്നിങ്ങനെയാണ് കണക്കുകൾ. പത്ത് വർഷങ്ങൾക്ക് മുൻപ് വിദേശികളിൽ കൂടുതലും പെർമനൻ്റ് റെസിഡൻസ് വിഭാഗത്തിൽപ്പെട്ടവരായിരുന്നു. എന്നാൽ പിന്നീടത് നോൺ പെർമനൻ്റ് വിഭാഗത്തിലുള്ളവരായി മാറി. സമീപകാലത്ത് താല്ക്കാലിക വിദേശ തൊഴിലാളികളിൽ കൂടുതൽ പേരും ചെറുപ്പക്കാരും പരിചയ സമ്പത്ത് കുറഞ്ഞവരുമാണ്. വൈദഗ്ധ്യമുള്ള തൊഴിലുകളിൽ താൽക്കാലിക ജോലിക്കാരുടെ സാന്നിധ്യവും സമീപ കാലത്ത് വളരെ കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ പുതിയ കുടിയേറ്റക്കാരുടെ എണ്ണം വളരെയധികം കൂടിയിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്.