യൂറോപ്യൻ സൈനിക സഖ്യത്തിൽ ചേരാനുള്ള നീക്കങ്ങൾ സജീവമാക്കി കനേഡിയൻ സർക്കാർ. കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയാണ് ഇക്കാര്യം അറിയിച്ചത്. ജൂലൈ ഒന്നോടെ ഇത് സംബന്ധിച്ച് ധാരണയിലെത്തും. ആയുധങ്ങൾക്കും പ്രതിരോധ ആവശ്യങ്ങൾക്കും അമേരിക്കയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിൻ്റെ ഭാഗമായാണ് ഇത്.
സിബിസിയുടെ പവർ ആൻ്റ് പൊളിറ്റിക്സ് എന്ന പരിപാടിയിൽ സംസാരിക്കവെ ആയിരുന്നു മാർക്ക് കാർണിയുടെ വാക്കുകൾ. പ്രതിരോധത്തിനായി ചെലവഴിക്കുന്ന തുകയുടെ 75 ശതമാനവും അമേരിക്കയിലേക്കാണ് പോകുന്നത്. ഇതിലൊരു മാറ്റം ഉണ്ടാകേണ്ടതുണ്ടെന്നും മാർക്ക് കാർണി പറഞ്ഞു. പ്രധാനമന്ത്രിയായി സ്ഥാനമേറ്റയുടൻ തന്നെ ഇത് സംബന്ധിച്ച ചർച്ചകൾക്ക് കാർണി തുടക്കമിട്ടിരുന്നു. ഇതിൽ വലിയ പുരോഗതി ഉണ്ടായിട്ടുണ്ടെന്നും കാനഡ ദിനത്തോടെ ഇത് സംബന്ധിച്ച് നിർണ്ണായക തീരുമാനം പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ ട്രംപ് പ്രഖ്യാപിച്ച പുതിയ ഗോൾഡൻ ഡോം പദ്ധതിയിൽ കാനഡയെ കൂടി ചേർക്കുന്നതിനായി 61 ബില്യൻ ഡോളർ ചെലവഴിക്കേണ്ടി വരുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാൽ അമേരിക്കയുടെ 51ആം സംസ്ഥാനമായാൽ കാനഡയെ സൌജന്യമായി പദ്ധതിയിൽ ഉൾപ്പെടുത്തുമെന്നും ട്രംപ് പറഞ്ഞു. അമേരിക്കയുടെ ഭാഗമാകാൻ താല്പര്യമില്ലെന്ന് നേരത്തെ ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ മാർക് കാർണി വ്യക്തമാക്കിയിരുന്നു.