കനേഡിയൻ പാർലമെൻ്റ് സമ്മേളനം ഉദ്ഘാടനം ചെയ്തുള്ള ചാൾസ് രാജാവിൻ്റെ പ്രസംഗത്തിന് സാക്ഷ്യം വഹിക്കാൻ മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ എത്തിയത് വർണ്ണാഭമായ ഷൂ ധരിച്ച്. അമ്മ മാർഗരറ്റ് ട്രൂഡോയോടൊപ്പം എത്തിയ ട്രൂഡോ നീലയും ഓറഞ്ചും നിറത്തിലുള്ള സ്‌നീക്കറുകളാണ് ധരിച്ചത്. ട്രൂഡോയുടെ ഫാഷൻ സെൻസിനെ അനുകൂലിച്ചും എതിർത്തും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.
ട്രൂഡോയുടെ വസ്ത്രധാരണത്തിൽ രോഷം ഉയർന്നതായി യുകെയിലെ ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തു. സോഷ്യൽ മീഡിയയിലും ട്രൂഡോയ്ക്ക് എതിരെ പലരും രംഗത്തെത്തി. എനിക്ക് എന്ത് പറയണമെന്ന് അറിയില്ല എന്നാണ്, കാനഡ മുൻ പ്രധാനമന്ത്രി സ്റ്റീഫൻ ഹാർപ്പറിൻ്റെ മുൻ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ദിമിത്രിസ് സൗദാസ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. മാർക്ക് കാർണി പ്രധാനമന്ത്രിയായ ആദ്യ പാർലമെൻ്റ് സമ്മേളനത്തിൽ ചാൾസ് രാജാവിനും രാജ്ഞിയ്ക്കും പുറമെ മുൻ ഗവർണർ ജനറൽമാരും, സുപ്രീം കോടതി ജഡ്ജിമാരും, പ്രവിശ്യാ പ്രീമിയർമാരും, തദ്ദേശീയ നേതാക്കളും മറ്റ് രാഷ്ട്രീയ പാർട്ടി നേതാക്കളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.