ഓഷവയില്‍ കുറ്റകൃത്യങ്ങളിലെ പുതിയ പ്രവണതയെക്കുറിച്ച് ദര്‍ഹം റീജിയണല്‍ പോലീസ് സര്‍വീസ് (ഡിആര്‍പിഎസ്) പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. റെസിഡന്‍ഷ്യല്‍, കൊമേഴ്‌സ്യല്‍ സ്ഥാപനങ്ങളിലെ ഔട്ട്‌ഡോര്‍ എയര്‍ കണ്ടീഷണറുകളും ഹീറ്റ് പമ്പുകളും മോഷ്ടാക്കള്‍ ലക്ഷ്യമിടുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ വര്‍ഷം തുടക്കത്തില്‍ ഓഷവയില്‍ യൂണിറ്റുകളില്‍ നിന്ന് കോപ്പര്‍ പൈപ്പിംഗും വയറിംഗും മോഷണം പോയ 22 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി പോലീസ് സോഷ്യല്‍മീഡിയ പോസ്റ്റിലൂടെ അറിയിച്ചു.
ഉയര്‍ന്ന പുനര്‍വില്‍പ്പന മൂല്യമുള്ളതിനാലും സ്‌ക്രാപ്പ്‌യാര്‍ഡുകള്‍ക്ക് എളുപ്പത്തില്‍ വില്‍ക്കാന്‍ കഴിയുന്നതിനാലും ചെമ്പ്കമ്പി വളരെക്കാലമായി മോഷ്ടാക്കളുടെ ലക്ഷ്യമാണ്. എയര്‍ കണ്ടീഷണറുകള്‍ മാത്രമല്ല മോഷ്ടാക്കള്‍ ലക്ഷ്യമിടുന്നത്. നോവസ്‌കോഷ്യയില്‍ ഗ്രാമപ്രദേശത്ത് മോഷ്ടാക്കള്‍ വയര്‍കട്ടറുകള്‍ ഉപയോഗിച്ച് ബെല്‍ കാനഡയുടെ കോപ്പര്‍ ലൈനുകള്‍ മുറിക്കുകയും പ്രദേശവാസികള്‍ക്ക് വാരാന്ത്യത്തില്‍ ഫോണ്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസ്സപ്പെടുകയും ചെയ്തിരുന്നു.
അതിനാല്‍ എയര്‍ കണ്ടീഷനിംഗ് യൂണിറ്റുകള്‍ക്ക് സമീപം എന്തെങ്കിലും സംശയാസ്പദമായ പ്രവര്‍ത്തനം ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ പോലീസില്‍ വിവരമറിയിക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.