ഗോൾഡൻ ഡോം മിസൈൽ സംവിധാനത്തിൻ്റെ ഭാഗമാകാൻ കാനഡയ്ക്ക് 61 ബില്യൺ ഡോളർ ചിലവാകുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്.എന്നാൽ അമേരിക്കയുടെ 51ആം സംസ്ഥാനമായി ചേരാൻ തീരുമാനിച്ചാൽ കാനഡയെ സൗജന്യമായി സംരക്ഷിക്കാൻ തയ്യാറാണെന്നും ട്രംപ് പറഞ്ഞു. കാനഡയ്ക്ക് യുഎസിൽ ചേരുന്നത് ഗുണം ചെയ്യുമെന്നായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും പുതിയ നിർദ്ദേശം.
ബാലിസ്റ്റിക് മിസൈലുകൾ, ഹൈപ്പർസോണിക്, അഡ്വാൻസ്ഡ് ക്രൂയിസ് മിസൈലുകൾ എന്നിവയുൾപ്പെടെയുള്ള ഭീഷണികളിൽ നിന്ന് യുഎസിനെ സംരക്ഷിക്കുന്നതിനായുള്ള ഒരു കവചമായ ഗോൾഡൻ ഡോം കഴിഞ്ഞ ആഴ്ചയാണ് ട്രംപ് പ്രഖ്യാപിച്ചത്. തന്റെ കാലാവധി അവസാനിക്കുമ്പോൾ ഇത് പൂർണ്ണമായും പ്രവർത്തനക്ഷമമാകുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിക്ക് മൊത്തത്തിൽ 175 ബില്യൺ ഡോളർ ചിലവാകുമെന്നാണ് കണക്കുകൂട്ടൽ. കൂടാതെ ഇതിനായുള്ള പ്രവർത്തനങ്ങൾ ആരംഭിക്കാൻ കോൺഗ്രസ് 25 ബില്യൺ ഡോളർ കണ്ടെത്തേണ്ടതായിട്ടുണ്ട്. എന്നിരുന്നാലും, ബഹിരാകാശ അധിഷ്ഠിത ഇന്റർസെപ്റ്ററുകൾ പൂർണ്ണമായി വികസിപ്പിക്കുന്നതിനും വിക്ഷേപിക്കുന്നതിനും 20 വർഷത്തിനുള്ളിൽ യുഎസ് 542 ബില്യൺ ഡോളർ വരെ ചെലവഴിക്കേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.